Sun. Nov 17th, 2024
തിരുവനന്തപുരം:

കേരളത്തിന്‍റെ ഒരു രാഷ്ട്രീയ അന്തരീക്ഷം വച്ച്, പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോഴും, നാഥനില്ലാ കളരി പോലെ അനാഥമായി കിടക്കുമ്പോഴുമാണ് വിവാദങ്ങളും, വാദ പ്രതിവാദങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍ ഈ ചരിത്രത്തിലൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് ലൈഫ് മിഷന്‍ പദ്ധതി.

പദ്ധതി പൂര്‍ത്തിയായി 214000 വീടുകളുടെ താക്കോല്‍ ദാനവും കഴിഞ്ഞാണ് വിവാദം മുറുകുന്നത് എന്നതാണ് ഇവിടെ പ്രത്യേകത. പക്ഷെ, അവകാശ തര്‍ക്കമാണ് ഇവിടെയും വിഷയമെന്നത് വിവാദങ്ങളുടെ പൊതു സ്വഭാവം നിലനിര്‍ത്തുന്നു.

ഇന്ത്യയിലാദ്യമായാണ് രണ്ടു ലക്ഷത്തിലധികം വീടുകള്‍ ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നത്. എന്നാല്‍ പാവങ്ങളുടെ പുഞ്ചിരിക്ക് മുകളില്‍ രാഷ്ട്രീയ വൈരികളും , പബ്ലിസിറ്റി സ്റ്റണ്ടുമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

എന്താണ് ലൈഫ് മിഷന്‍ പദ്ധതി, പദ്ധതിയുടെ വിജയത്തില്‍ ആര്‍ക്കാണ് പൂര്‍ണ്ണ അവകാശം? സംസ്ഥാനത്തെ രാഷ്ട്രീയ എതിരുകള്‍ വാതോരാതെ പറയുന്ന വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഇത്തരം വിവാദങ്ങള്‍ക്കും എന്തെങ്കിലും ബന്ധമുണ്ടോ?

മേനി പറച്ചില്‍, നാടകം, കണ്‍കെട്ട് വിദ്യ…നിരനിരയായി അപവാദങ്ങള്‍

വീട് നിര്‍മ്മിച്ച് നല്‍കിയതല്ല, പബ്ലിസിറ്റിയും പാലു കാച്ചലുമായിരുന്നു പ്രധാന പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. 4 ലക്ഷത്തി പതിനായിരം വീടുകൾ കെഎം മാണി മന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ച് നൽകിയതാണന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അന്ന് പരസ്യത്തിനോ പബ്ലിസിറ്റിക്കോ പാല് കാച്ചലിനോ ആരും പോയില്ലെന്നായിരുന്നു പരിഹാസം.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പകുതി എണ്ണം പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചെന്ന് മേനി പറഞ്ഞ് കോടികള്‍ പൊടിച്ചു നടത്തുന്ന ആഘോഷം അല്‍പ്പത്തമാണെന്നായിരുന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. ഇരു സര്‍ക്കാരുകളുടെയും നേട്ടങ്ങളെ കുറിച്ച് തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 90% പണി പൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ രണ്ടുലക്ഷം വീടുകള്‍ തികച്ചത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷൻ പദ്ധതി പിണറായി സർക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച വീടുകളും, കേന്ദ്ര സഹായം ഉപയോഗിക്കപ്പെട്ട വീടുകളും ചേർത്താണ് രണ്ട് ലക്ഷമെന്ന കണക്ക് തികച്ചതെന്നാണ് ആരോപണം.

ലക്ഷംവീട് കോളനി പദ്ധതിയുടെ അടുത്ത് പോലും എത്താത്ത ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ സർക്കാരിന് മേനി നടിക്കാൻ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് 20 ശതമാനം തുക മിഷൻ ലൈഫ് പദ്ധതിക്കായി വിനിയോഗിച്ചു. പദ്ധതിയിൽ സർക്കാരിന്റെ ഏക മുതൽമുടക്കായ ഒരു ലക്ഷം രൂപ പല പഞ്ചായത്തുകൾക്കും ലഭിച്ചിട്ടില്ല. പട്ടിക ജാതി- പട്ടിക വർഗ വിഭാഗക്കാർക്ക് ഒരു വീടുപോലും പിണറായി സർക്കാർ നിർമിച്ചു നൽകിയില്ലെന്നും ആരോപണങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്.

രമേശ് ചെന്നിത്തല‍

ലൈഫ് മിഷൻ പദ്ധതിയിൽ കേരള സർക്കാരിന് നയാപൈസ ചെലവില്ലെന്നായിരുന്നു, കേന്ദ്രം ചൂടാക്കുന്ന കല്ലില്‍ ഓംലെറ്റ് അടിച്ച് ശീലമുള്ള സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ അഭിപ്രായം. പുതുമോടിയില്‍ നില്‍ക്കുന്ന ബിജെപി അദ്ധ്യക്ഷന്‍ കെ സുരോന്ദ്രന്‍ അവസരം കാര്യമായി ഉപയോഗിച്ചു.

ലൈഫ് മിഷന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ആഘോഷങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണ്. കേന്ദ്ര പദ്ധതികൾ സ്വന്തം നേട്ടമാക്കി കേരള സർക്കാർ അവതരിപ്പിക്കുന്നുവെന്നും ബിജെപി അദ്ധ്യക്ഷന്‍ തുറന്നടിച്ചു. ഭവന നിർമാണത്തിനായി വിവിധ കേന്ദ്ര പദ്ധതികളിലൂടെ സംസ്ഥാനത്തിന് നൽകിയ തുക കേരളം മറച്ച് വയ്ക്കുന്നുവെന്നാണ് ബിജെപിയുടെ മറ്റൊരു ആരോപണം.

കെ സുരേന്ദ്രന്‍

എന്നാല്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിലൂടെ പ്രതിപക്ഷം പാവങ്ങളെയാണോ ബഹിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടൊട്ടാകെ സന്തോഷിക്കേണ്ട അവസരത്തില്‍ പ്രതിപക്ഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നാടാകെ ഒത്തുചേര്‍ന്നുകൊണ്ടാണ് ലൈഫ് മിഷന്‍ പരിപാടി വിജയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കന്‍ കഴിയുന്നില്ലെങ്കില്‍ നമ്മളൊക്കെ സാമൂഹിക പ്രവര്‍ത്തകരാണെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

യുഡിഎഫ് കാലത്ത് മുടങ്ങി പോയ 52050 വീടുകളാണ് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ അവകാശം വേണമെങ്കില്‍ പ്രതിപക്ഷം എടുത്തോട്ടെ, എന്നാല്‍ ബാക്കി വീടുകളുടെ കാര്യത്തില്‍ അവകാശം പറയാന്‍ പ്രതിപക്ഷത്തിനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

പിണറായി വിജയന്‍

പദ്ധതിയില്‍ രാഷ്ട്രീയം കാണുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മന്ത്രി ജി സുധാകരന്‍ തിരിച്ചടിച്ചിരുന്നു. കോണ്‍ഗ്രസ്സ് പ്രചരിപ്പിക്കുന്നത് അര്‍ദ്ധ സത്യങ്ങളാണെന്നായിരുന്നു സിപിഎം നേതാവ് പി ജയരാജന്‍റെ പ്രതികരണം.

“യുഡിഎഫിന്റെത് ഉള്‍പടെ ഒട്ടനവധി ജനപ്രതിനിധികള്‍ കൃത്യമായി ഇടപെട്ട് ഒരു ജനകീയ മുന്നേറ്റമായി ലൈഫ് മിഷന്‍ വിജയിപ്പിച്ചത് കൊണ്ടാണ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിഞ്ഞത്, ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരു ലക്ഷം കുടുബത്തിന് ഭവന സമുച്ചയം ഒരുക്കുന്നതും ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും ഫലമായാണ്”, ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി

കേരളത്തിലെ ഭവനരഹിതര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയാണ് ലൈഫ് മിഷന്‍. നിലവിൽ നടപ്പിലാക്കികൊണ്ടിരിയ്ക്കുന്ന മറ്റ് ഭവന പദ്ധതികളെ സംയോജിപ്പിച്ച് ലൈഫ് മിഷന്റെ കീഴിൽ കൊണ്ടുവന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താല്കാലിക ഭവനമുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുള്ള ഭവനരഹിതരുടെ വിവരങ്ങളും 2011 ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ്(എസ്ഇസിസി) പ്രകാരം ലഭ്യമായ ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായെടുത്ത് നടത്തുന്ന സർവേയിലൂടെയാണ് പ്രധാനമായും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്ന ഗുണഭോക്താകൾക്ക് സർക്കാർ നിശ്ചയിച്ച മുൻഗണനാ മാനദണ്ഡം അനുസരിച്ച് ഭവനങ്ങൾ ഒരുക്കി നൽകുന്നു.

ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന ഭവനങ്ങൾ വാടകയ്ക്ക് നൽകുവാനോ കൈമാറ്റംചെയ്യാനോ അനുവാദമില്ല. എന്നാൽ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ മടക്കി നൽകി 15 മുതൽ 20 വർഷങ്ങൾക്കുശേഷം ഈ വീട് സ്വന്തമാക്കാം.

മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ അദ്ധ്യക്ഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനും ധനകാര്യം ഭവന നിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴിൽ, പട്ടിക ജാതി-പട്ടിക വർഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാർ ഉപാധ്യക്ഷന്മാരുമാണ്. ചീഫ് സെക്രട്ടറി അംഗവും പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമായ ലൈഫ് മിഷന്റെ സെക്രട്ടറി ചുമതലകൾ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി നിർവ്വഹിയ്ക്കുന്നു.

നിയോജകമണ്ഡല ആസ്തിവികസന ഫണ്ട്, ഹഡ്‌കോ വായ്പ, സഹകരണ സംഘങ്ങളിൽനിന്നുമുള്ള വായ്പ, കിഫ്ബി, ബജറ്റ് അലോക്കേഷൻ, തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്, സിഎസ്ആർ ഫണ്ട്, സന്നദ്ധസംഘടനകളും വ്യക്തികളും നൽകിയ ഭൂമി, സ്‌പോൺസറിങ്‌, പൊതുസമൂഹത്തിൽനിന്നുള്ള സംഭാവന, ഇതെല്ലാം ചേർന്നതാണ് പ്രസ്തുത പദ്ധതിക്കു വേണ്ടിയുള്ള ഫണ്ട്.

ലൈഫ് മിഷനിലൂടെയും മറ്റ് വകുപ്പുകളിലൂടെയും 2,14,262 വീടുകളാണ് സര്‍ക്കാര്‍ ഇത്തവണ പൂര്‍ത്തിയാക്കിയത്. വീട് ലഭിച്ച എല്ലാവരുടെയും പേരും വിവരവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒരു വീടിന് 4 ലക്ഷം രൂപയെന്ന നിരക്കില്‍ 6,551 കോടി രൂപയാണ് നിര്‍മ്മാണത്തിന് ചെലവിട്ടത്. പദ്ധതി പൂര്‍ത്തീകരിച്ചതിന്‍റെ പ്രഖ്യാപന ചടങ്ങില്‍ ലൈഫ് സിഇഒ, യുവി ജോസ് പറഞ്ഞ കണക്കുകളാണിവ.

പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. വിവിധ ഭവനനിർമാണപദ്ധതികൾ പ്രകാരം സഹായധനം ലഭിച്ചിട്ടും പലകാരണങ്ങളാൽ നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടം. ഇതിനായി സംസ്ഥാനസർക്കാർ 670 കോടി രൂപ ചെലവഴിച്ചു.

രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമാണമാണ്. ഇതിൽ  ലൈഫ് പിഎംഎവൈ ( പ്രധാന്‍ മന്ത്രി ആവാസ് യോജന), ലൈഫ് റൂറൽ അർബൻ ഭവനപദ്ധതികൾ, പട്ടികജാതി-വർഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഭവനപദ്ധതികൾ എന്നിവയെല്ലാം ലൈഫ് മിഷനു കിഴില്‍ കൊണ്ടു വന്നു. ഇതെല്ലാംകൂടി ചേർത്ത് 1,61,732 വീടുകളാണ് രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ചത്. 5,851.23 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്.

ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 അർഹരായവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 524.05 ഏക്കർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ലൈഫ് മിഷൻ എൻജിനിയറിങ് വിഭാഗം സ്ഥലം  പരിശോധിച്ചുവരുന്നു. ഇത് പൂർത്തിയായാൽ  ഭവനസമുച്ചയ നിർമാണത്തിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും.

അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ലൈഫ് പദ്ധതിയിലെ പൊള്ളത്തരം തുറന്ന് കാട്ടിയില്ലെങ്കില്‍ അത് നിലനില്‍പ്പിനെ ബാധിക്കുമെന്ന മട്ടാണ് പ്രതിപക്ഷത്തിന്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പദ്ധതിയെ ചൊല്ലിയുള്ള വിവാദം കെടാതെ നിലനിര്‍ത്താനാണ് കോൺഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. വാദങ്ങള്‍ നിരത്തിക്കൊണ്ട് ക്യാമ്പയെന്‍ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

ലൈഫ് മിഷനിലെ കേന്ദ്ര വിഹിതത്തിൽ പങ്കുപറ്റി രംഗത്തെത്തുന്ന ബിജെപിയുടെ ലക്ഷ്യവും തദ്ദേശ തിരഞ്ഞെടുപ്പ് തന്നെ എന്ന് വ്യക്തം. മറ്റ് പ്രാദേശിക വിഷയങ്ങൾക്കൊപ്പം ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം കൂടി എടുത്ത് പറഞ്ഞാവും ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടമെന്നതിലും ആശങ്കയില്ല.