കളമശ്ശേരി:
ഞൊടിയിടയിലാണ് സാങ്കേതിക വിദ്യ മാറിമറിയുന്നത്. സാങ്കേതിക വിസ്ഫോടനത്തിന്‍റെ ഈ കാലഘട്ടത്തില്‍ കേരളത്തിന് അഭിമാനമാകുകയാണ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബുകള്‍ അഥവാ ഫാബ് ലാബുകള്‍. എന്തുമേതും നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന, പിഴവുതിരുത്തികൊണ്ട് വീണ്ടും നിര്‍മിക്കാന്‍ കഴിയുന്ന അത്യുഗ്രന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് സൂപ്പര്‍ ഫാബ് ലാബുകള്‍.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മുന്‍കെെയ്യെടുത്ത് കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ ആരംഭിച്ച സൂപ്പര്‍ ഫാബ് ലാബ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ്. കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് എന്നതിന് പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ലാബിന്.
യുഎസിലെ മാസച്യൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ യുഎസിന് പുറത്ത് ആരംഭിക്കുന്ന ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബാണിത്. കളമശ്ശേരിയിലെ ഫാബ് ലാബിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഫാബ് ലാബുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന കളമശ്ശേരിയിലെ സൂപ്പര്‍ ഫാബ് ലാബ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശ രാജ്യത്തുള്ളതിന് സമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.