ന്യൂഡൽഹി:
ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി റിപ്പബ്ലിക്ക് ടിവി രംഗത്ത്. ഇത്രയും ക്യാമറകളും പോലീസുകാരും നോക്കിനിൽക്കെ പ്രതിഷേധകരിൽ ഒരാൾ വെടി ഉതിർക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കാണുന്നുണ്ടോ എന്ന ചോദ്യത്തോടുകൂടിയാണ് ചാനലിൽ ഈ വീഡിയോ സംപ്രേഷണം ചെയ്തത്.
മാധ്യമശ്രദ്ധ പിടിച്ച് പറ്റാനാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ ഇന്ത്യയുടെ തലസ്ഥാനത്ത് ഇത്തരം മോശം പ്രവൃത്തികളാണ് നടക്കുന്നതെന്നും റിപ്പബ്ലിക്ക് ടിവിയുടെ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമി വിഡിയോയിൽ പറയുന്നു.
എന്നാൽ താൻ തന്റെ അവസാന യാത്രയിലാണെന്നും ഷഹീൻ ബാഗ്, നിങ്ങളുടെ കളി അവസാനിച്ചു എന്നും സംഘ് പരിവാർ പ്രവർത്തകനായ രാംഭക്ത് ഗോപാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു എന്നതാണ് വസ്തുത. ഇന്ത്യയിൽ ഹിന്ദു മീഡിയ ഇല്ലെന്നും താൻ മാത്രമാണ് ഇന്ത്യയിലെ ഏക ഹിന്ദുവെന്നും അയാൾ അവകാശപ്പെട്ടിരുന്നു, ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് ആക്രോശിച്ചുകൊണ്ടാണ് അയാൾ വെടിയുതിർത്തത്.
പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്ന ആർഎസ്എസ്എസ് പ്രവർത്തകനായ ഒരു വ്യക്തിയെ പ്രതിഷേധക്കാരിൽ ഒരാളാക്കി മാറ്റിയത് റിപ്പബ്ലിക്ക് ടിവിയുടെ രാഷ്ട്രീയ ചിന്തയെയാണ് വ്യക്തമാക്കുന്നത്. മുൻപും ഇതേ ചാനൽ തെറ്റിദ്ധരിപ്പിക്കുന്ന പല പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഷഹീൻ ബാഗിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.