Mon. Dec 23rd, 2024
#ദിനസരികള്‍ 1018

 
ഇന്ന് ജനുവരി മുപ്പത്. ഈ ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. 1948 ജനുവരി മുപ്പതിന്റെ സായാഹ്നത്തിലാണ് മഹാത്മാ ഗാന്ധിയുടെ നെറ്റിത്തടത്തെ തുളച്ചു കൊണ്ടു ഒരു വെടിയുണ്ട കടന്നു പോയത്. ആ മുറിവില്‍ നിന്നുമുള്ള ചോരയുടെ ഒഴുക്ക് ഇന്നും നിലച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജനുവരി മുപ്പത് ഇന്ത്യക്ക് എക്കാലത്തും മറക്കാനാകാത്ത നഷ്ടത്തിന്റെ ദിനമാണ്, സ്വന്തം രക്തം കൊണ്ട് സാക്ഷ്യം പറഞ്ഞ ദിനമാണ്.

ജനുവരി മുപ്പതിന് ഗാന്ധി മാത്രമല്ല അനുസ്മരിക്കപ്പെടുന്നത്. മഹാത്മാവിനെ നിഷ്കരുണം കൊന്നു കളഞ്ഞ ഒരു ആശയസംഹിതയുടെ വക്താക്കളേയും നാം ഓര്‍മ്മിക്കാതിരിക്കുന്നില്ല. ഗാന്ധിയിലേക്ക് ബറാറ്റ തോക്കിന്റെ കാഞ്ചി വലിക്കാന്‍ നാഥുറാം വിനയായക് ഗോഡ്സേ എന്ന ഹിന്ദുത്വവാദിക്ക് പ്രേരകമായ ആശയം പ്രദാനം ചെയ്തത് ആറെസ്സെസ്സായിരുന്നു. ആറെസ്സെസ്സ് ചിന്തിച്ചു, ഗോഡ്‌സേ അതു നടപ്പാക്കി.

അതുകൊണ്ട് ജനുവരി മുപ്പതിന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാം ആചരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ വധിച്ചു കളഞ്ഞവരേയും സ്മരിക്കുന്നു.
അതായത് ഗാന്ധി ഉള്ളിടത്തോളം കാലം ഗോഡ്സേയും ഓര്‍മ്മിക്കപ്പെടും എന്നതാണ് വസ്തുത. അതുകൊണ്ട് ഗാന്ധിയെ ഇന്ത്യയില്‍ നിന്നും തുരത്തേണ്ടതുണ്ട് എന്ന് മറ്റാരെക്കാളും ഹിന്ദുത്വവാദികള്‍ക്ക് ധാരണയുണ്ട്.

ഗാന്ധിയുടെ ആശയങ്ങളോട്, സമരരീതികളോട്, സമരസപ്പെടലുകളോട് ഒക്കെ നമുക്ക് ഭിന്നാഭിപ്രായമുണ്ട്. അത്തരത്തില്‍ വിമര്‍ശനമാത്മകമായി ഗാന്ധിയെ സമീപിക്കുവാന്‍ ഈ ജനാധിപത്യരാജ്യത്തില്‍ സാധുതയുമുണ്ട്. ഇനിയും ആര്‍ജ്ജവമുള്ള അത്തരം വിയോജിപ്പുകള്‍ നാം തുടരുകയും ചെയ്യും. എങ്കിലും ഒരിക്കല്‍ കൂടി ഗാന്ധിയിലേക്ക് നിറയൊഴിക്കണമെന്ന് നാം ആഗ്രഹിച്ചു പോകില്ല.

എന്നാല്‍ ഗാന്ധിയുടെ ഓര്‍മ്മകള്‍ ഇന്ത്യയില്‍ നിലകൊള്ളുന്ന കാലത്തോളം അത് പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ക്കുമെന്ന് തിരിച്ചറിയുന്ന ഹിന്ദുത്വപരിവാരം ഇന്ത്യയുടെ മനസ്സില്‍ നിന്നും ഗാന്ധിയെ നിഷ്കാസനം ചെയ്യാന്‍ കൊണ്ടു പിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലുകയും ഗോഡ്‌സേ പുകഴ്ത്തപ്പെടുകയും ചെയ്യുന്നു. ഗാന്ധി സ്മൃതികളെ, അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റ് അവശേഷിപ്പുകളെയൊക്കെ അവര്‍ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും അഴിച്ചുമാറ്റുന്നു. ഗാന്ധിയെ തൂത്തൂമാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി ആവിഷ്കരിക്കപ്പെടുന്നു.

കാരണം ഗാന്ധിയെ അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ, നാം, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗം, ഗാന്ധിസ്മൃതികളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അതൊരു പക്ഷേ ഗാന്ധിയെ കേവലം വൈകാരികപ്രതിവിധിയായി കണ്ടുകൊണ്ട് വര്‍ത്തമാനകാല വിക്ഷോഭങ്ങളുടെ താല്കാലിക ശമനമായിട്ടാണെങ്കില്‍‌പ്പോലും ആശാസ്യമാണ്.

അഹിംസ എന്ന ആശയത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ഗാന്ധിയുടെ ചോര പക്ഷേ, ഗാന്ധിയെ കൊന്നവരുടെ ആശയങ്ങളോടും അവരുടെ സങ്കുചിതമായ മതവാദങ്ങളോടും എക്കാലത്തും ഹിംസാത്മകമായി പ്രതികരിച്ചുകൊണ്ടേയിരിക്കും. അങ്ങനെയാണ് ചരിത്രം സംഘപരിവാരത്തിനു വേണ്ടി കരുതി വെച്ചിരിക്കുന്ന പ്രതിഷേധം പ്രവര്‍ത്തിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഗാന്ധിയെ “ആയുധമായി” ഉപയോഗിക്കുക എന്നതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള മരുന്ന്.

കാരണം ഗാന്ധി ഇന്ന് ഒരു ആയുധമാകുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.