തിരുവനന്തപുരം:
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍ നിലപാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിയമത്തെ വിമർശിക്കുന്നതിലുള്ള വിയോജിപ്പ് നിലനിൽക്കുമെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവർണർ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.
ഗവർണർ പൗരത്വനിയമത്തെ കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ അടിച്ചു സ്വാഗതം ചെയ്തു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ വിയോജിപ്പോടെ വായിക്കാം എന്ന നിലപാടിലേക്കു ഗവർണർ എത്തുകയായിരുന്നു.
വിയോജനകുറിപ്പ് സാധാരണ സഭ രേഖയിൽ കാണില്ല. ഗവർണർക്ക് വേണമെങ്കിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു സ്‌പീകർക്കു കത്തു നൽകാം. സ്‌പീകർക്കു തീരുമാനം എടുക്കാം. സ്പീക്കര്‍മാരുടെ മുന്‍കാല റൂളിങ്ങ് അനുസരിച്ച് അച്ചടിച്ച പ്രസംഗമല്ലാതെ മറ്റൊന്നും രേഖയില്‍ ഉണ്ടാകില്ല.
#WATCH Thiruvananthapuram: United Democratic Front (UDF) MLAs block Kerala Governor Arif Mohammad Khan as he arrives in the assembly for the budget session. CM Pinarayi Vijayan also accompanying the Governor. pic.twitter.com/oXLRgyN8Et
— ANI (@ANI) January 29, 2020
പൗരത്വ വിഷയത്തിലെ സമരപരിപാടികൾ വെറും കാഴ്ചപ്പാട് മാത്രമാണോ?
ഭരണഘടനയുടെ 176 (1) വകുപ്പുപ്രകാരം സർക്കാരിന്റെ നയവും പരിപാടികളുമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമെന്ന് തോന്നിയാല്‍ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ച് അവ റദ്ദാക്കാം. നയം, പരിപാടി, കാഴ്ചപ്പാട് എന്നീ വാക്കുകളുടെ അർഥവും അരുണാചൽപ്രദേശ് ഡപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും സഹിതമായിരുന്നു 18ാം ഖണ്ഡിക വായിക്കില്ലെന്ന് കാട്ടി ഗവര്‍ണറുടെ കത്ത്.
എന്നാൽ, പൗരത്വ വിഷയത്തിലെ സമരപരിപാടികൾ പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായിരുന്നതിനാൽ അതെങ്ങനെ വെറും കാഴ്ചപ്പാട് ആകുമെന്നാണു സർക്കാരിന്‍റെ ചോദ്യം. പൗരത്വനിയമ ഭേദഗതി കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണെന്നും പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഗവര്‍ക്ക് മറുപടി അയച്ചത്.
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്, അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ നിയമസഭയിലേക്ക് വരുന്നതിന് തൊട്ടുമുമ്പും ഗവര്‍ണറുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടുവെന്നാണ് വിവരം.
ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാട് മാനിക്കുന്നു എന്നും, സര്‍ക്കാരിന്‍റെ നയം വിയോജിപ്പോടെ വായിക്കുകയാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. എതിര്‍പ്പ് പ്രകടിപ്പിച്ചാണെങ്കിലും ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം മുഴുവന്‍ വായിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന് നേട്ടമായി. അതേസമയം തന്റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെടുമോ എന്നത് വ്യക്തമല്ല. ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അത് രേഖകളിലുണ്ടാവില്ല.
#WATCH Kerala Governor in state assembly: I’m going to read this para (against CAA) because CM wants me to read this, although I hold the view this doesn’t come under policy or programme. CM has said this is the view of government, & to honor his wish I’m going to read this para. pic.twitter.com/ciCLwKac3t
— ANI (@ANI) January 29, 2020
കൂട്ടുകച്ചവടവും അന്തര്‍ധാരയും വ്യക്തമെന്ന് പ്രതിപക്ഷം
പൗരത്വ നിയമത്തിനെതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് വായിപ്പിച്ചത് മുഖ്യമന്ത്രി കാലുപിടിച്ച് അപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സഭയെയും ജനങ്ങളെയും അപമാനിച്ച ഗവർണറെ കുറിച്ച് ഒരക്ഷരം പറയാൻ എന്തുകൊണ്ടാണ് പിണറായി തയ്യാറാവാത്തത് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇവർ തമ്മിലുള്ള കൂട്ടുകച്ചവടവും അന്തർധാരയും പുറത്ത് വന്നിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രിക്ക് ഒരു ആത്മാർത്ഥതയും ഇല്ല, എന്നാല്‍ ഗവർണക്കെതിരായ പ്രതിപക്ഷ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രി തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിൻ കേസിലെ ഏഴാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാൻ ഗവർണറെ പാലമാക്കിയുള്ള ശ്രമാണ് ഇപ്പോൾ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങളായിരുന്നു പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന് മുന്നോടിയായി നിയമസഭയിൽ അരങ്ങേറിയത്. മുഖ്യമന്ത്രി, സ്പീക്കർ, നിയമ മന്ത്രി എ കെ ബാലന്‍, ചീഫ് സെക്രട്ടറി എന്നിവർക്കൊപ്പം സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡയസിലേക്ക് എത്തുന്നതിന് മുൻപ് പ്രതിപക്ഷ സംഘം തടയുകയായിരുന്നു.
‘ഗോ ബാക്ക്’ വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും, ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. അഞ്ച് മിനിറ്റോളം ഗവര്‍ണറെ തടഞ്ഞു നിര്‍ത്തി. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അന്‍വര്‍ സാദാത്ത് എംഎല്‍എ നിലത്ത് കിടന്ന് പ്രതിഷേധിച്ചു.
തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളെത്തി പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോകുകയും പുറത്ത് പ്രതിഷേധം തുടരുകയും ചെയ്തു. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രവേശിപ്പിച്ചതിന് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനെക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.