Wed. Nov 6th, 2024
ന്യൂ ഡല്‍ഹി:

നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവത്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നതാണ് അവസ്ഥ.

നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്.

എന്നാല്‍, എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നതെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രഹ്മണ്യസ്വാമി നല്‍കിയിട്ടുണ്ട്. ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് സഹിതമാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആരോപണം. സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതിനാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ വിലപിടിപ്പുള്ള ആസ്തികളും വില്‍ക്കുകയാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി.

വിമാന കമ്പനിയെ വാങ്ങാനുള്ള പ്രാരംഭ താത്പര്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 ന് അവസാനിക്കും. മറ്റ് ബാധ്യതകൾക്കൊപ്പം ഏകദേശം 3.26 ബില്യൺ ഡോളർ വരുന്ന കടബാധ്യത ഏറ്റെടുക്കാൻ ലേലത്തിന് എത്തുന്ന ഏതൊരാളും സമ്മതിക്കേണ്ടി വരും.

ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യമുള്ള വിദേശികള്‍ക്കുള്ള വില്‍പ്പന സാധ്യത കുറവായിരിക്കും.

അന്നു നടക്കാത്ത ശ്രമം

2018ൽ എയര്‍ ഇന്ത്യ വിൽക്കാൻ ഒരുങ്ങിയെങ്കിലും ആരും ഏറ്റെടുക്കാത്തതിനാല്‍, വിൽപ്പന പരാജയപ്പെട്ടതിനു പിന്നാലെയാണ് മൊത്തം ഓഹരികളും വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രത്തിന്‍രെ പുതിയ പരീക്ഷണം. ഇന്ത്യയിലെ 76%`ഓഹരി വിൽക്കാനും കടത്തിന്റെ 5.1 ബില്യൺ ഡോളർ ഒഴിവാക്കാനുമായിരുന്നു അന്നത്തെ ശ്രമം.

അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വ്യോമയാന മന്ത്രാലയമാണ് ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട താല്‍പര്യ പത്രം ക്ഷണിച്ചത്. കമ്പനിയുടെ മാനേജ്മെന്‍റ് , ജീവനക്കാര്‍ അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു മാത്രമെ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

എന്നാല്‍, വ്യവസ്ഥകള്‍ പാലിച്ച് വാങ്ങാന്‍ ആളെത്താത്തത് കേന്ദ്രത്തിന് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 76 ശതമാനം ഓഹരി ഏറ്റെടുത്താൽ ബാക്കി വരുന്ന 24 ശതമാനം ഓഹരികളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്ന ഭയമാണ് നിക്ഷേപകരെ പിന്നോട്ട് വലിച്ചത്.

വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഓഹരികള്‍ വിറ്റഴിച്ചാല്‍, എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് വെക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

എയര്‍ ഇന്ത്യയായതിങ്ങനെ…

ടാറ്റ ഗ്രൂപ്പിന്റെ ഉടമയായ ജെആര്‍ഡി ടാറ്റ അഥവാ, ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയാണ് എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി. 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസില്‍ ജനിച്ച ജെആര്‍ഡി ടാറ്റ 1929ലാണ് ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചെത്തി.

1932ല്‍ അദ്ദേഹം സ്വന്തമായി ഒരു വിമാനക്കമ്പനി സ്ഥാപിച്ചു. ടാറ്റ എയര്‍ സര്‍വീസസ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്. ഇത് 1938 ആയപ്പോഴേക്കും ടാറ്റ എയര്‍ലൈന്‍സ് എന്നായി പേര്. 1946 ജൂലായ് 29ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയപ്പോഴാണ് എയര്‍ ഇന്ത്യ ലിമിറ്റഡ് എന്നായത്. ആദ്യ ചെയര്‍മാനായി നിയമിക്കപ്പെട്ടതും ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു.

76% ഓഹരി വിറ്റഴിക്കാനുള്ള ശ്രമം പാളിയപ്പോള്‍, എയര്‍ ഇന്ത്യ പൂര്‍ണ്ണമായും വില്‍ക്കാനുള്ള സന്നദ്ധതയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രസ്താവനയിറക്കിയിരുന്നു. മുമ്പ് നിബന്ധനകള്‍ കഠിനമായതിനാല്‍ താല്‍പര്യം പ്രകടിപ്പിക്കാതെ നിന്ന ടാറ്റ ഗ്രൂപ്പും ഇതോടെ മുന്നോട്ട് വന്നു.

ശക്തമാകുന്ന സ്വകാര്യവത്കരണ നീക്കങ്ങള്‍

കടക്കെണിയിലായ എയർ ഇന്ത്യ‌, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ കമ്പനികളുടെ വില്‍പ്പന മാര്‍ച്ച് മാസത്തോടെ നടക്കുമെന്ന് ധന മന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ദേശീയ വിമാനക്കമ്പനി 58,000 കോടിയോളം രൂപയുടെ കടുത്ത സാമ്പത്തിക സമ്മർദം നേരിട്ട സാഹചര്യത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

രാജ്യാന്തര നിക്ഷേപസംഗമങ്ങളിൽ എയർ ഇന്ത്യയിൽ നിക്ഷേപിക്കാൻ നിരവധി കമ്പനികൾ താൽപര്യം കാണിച്ച് രംഗത്തുവരുന്നുണ്ട് എന്ന ശുഭാപ്തി വിശ്വാസവും അന്ന് മന്ത്രി പങ്കുവച്ചു. ഒരു വർഷം മുൻപ് നിക്ഷേപകരിൽ നിന്നുള്ള മോശം പ്രതികരണമാണ് നഷ്ടം ഉണ്ടാക്കുന്ന എയർലൈനിന്റെ വിൽപ്പന നിർത്തലാക്കാന്‍ കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

നികുതി പിരിവ് സമ്മർദത്തിലായ വർഷത്തിൽ വരുമാനം വർധിപ്പിക്കുന്നതിനായി ഓഹരി വിറ്റഴിക്കലിനെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നും അതിനായി വിവിധ ഓഫറുകൾ സ്വീകരിക്കുകയും വിൽപന നടത്തുകയും ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

സർക്കാരിന്റെ കൈവശമുള്ള ഭാരത് പെട്രോയളിയത്തിന്റെ 53.29 ശതമാനം ഓഹരി വിൽക്കാൽ ഒക്ടോബറിൽ ബിപിസിഎൽ സെക്രട്ടറിമാർ സമ്മതം അറിയിച്ചിരുന്നു. 1.02 ലക്ഷം കോടി രൂപയാണ് ഭാരത് പെട്രോളിയത്തിന്റെ വിപണി മൂലധനം. ഈ രണ്ടു പ്രധാന പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിൽക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തിൽ ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

 

 

By Arya MR