Fri. Nov 22nd, 2024
#ദിനസരികള്‍ 1015

 
കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇരുപതു എംപിമാരെ കൊണ്ടുവന്ന് വിരുന്നുകൊടുത്തു കാശ്മീരിലൂടെ നടത്തിച്ചുകൊണ്ടാണല്ലോ അവിടം ശാന്തമാണെന്ന് തെളിയിക്കാന്‍ നരേന്ദ്രമോദിയും കൂട്ടരും ശ്രമിച്ചത്. ഇന്ത്യയിലെ പ്രതിപക്ഷഎംപിമാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും അഥവാ പ്രവേശിക്കുവാന്‍ ശ്രമിച്ചാല്‍ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ എംപിമാരെ വിശ്വാസത്തിലെടുത്തുകൊണ്ടു രാജ്യം ഭരിക്കുന്നവര്‍ അത്തരമൊരു നീക്കം നടത്തിയത്.

ഇന്ത്യയിലെ എംപിമാര്‍ നുണപറയുമെന്നും അതുകൊണ്ടുതന്നെ അവരുടെ വാക്കു വിശ്വസനീയമല്ലെന്നും എന്നാല്‍ പ്രത്യേകിച്ച് രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലാത്തതില്‍ ഇ യു എംപിമാര്‍ക്ക് ഒരു പക്ഷവും പറയേണ്ടിവരില്ലെന്നുമായിരുന്നു അന്ന് ബി ജെ പി വിശദീകരിച്ചത്.(അതിലൊരാള്‍, ബെര്‍ണാര്‍ഡ് സിംനിയോക്ക്, കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന് പരസ്യമായി പ്രസ്താവിച്ചതും നാം ഓര്‍മ്മിക്കണം. ഒരു മദ്ധ്യസ്ഥന്റെ സഹായം ഈ വിഷയത്തില്‍ നമുക്ക് ആവശ്യമില്ലെന്ന എക്കാലത്തേയും നിലപാടുള്ളപ്പോഴാണ് അദ്ദേഹം ഇത്തരത്തിലൊരു ഔദാര്യം കാണിക്കാന്‍ ശ്രമിച്ചത്. വിദേശ രാജ്യങ്ങളിലെ എംപിമാരെ ക്ഷണിച്ചുകൊണ്ടുവന്ന് അത്തരത്തിലൊരു ഇടപെടല്‍ നടത്താനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതില്‍ കേന്ദ്രസര്‍ക്കാറിനുള്ള പങ്ക് വളരെ വലുതാണ്.)

ആവട്ടെ, ഇന്ന് ഒരു രാഷ്ട്രീയ താല്പര്യവുമില്ലാതെ വളരെ വിശാലമായ അര്‍ത്ഥത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ വിഷയത്തില്‍ നിലപാടു സ്വീകരിക്കുക എന്നു ബിജ പി പറയുന്നതിനെ നാം വിശ്വാസത്തിലെടുക്കുക. അങ്ങനെയാണെങ്കില്‍ 150 ഓളം എംപിമാര്‍ ഒത്തൂ കൂടി സിഎഎ (Citizen Amendment Act) തയ്യാറാക്കിയ പ്രമേയത്തില്‍ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രം ഇനി ചെയ്യേണ്ടത് സി എ എ പിന്‍വലിക്കുക എന്നതാണ്. കാരണം, അത്രത്തോളം നിര്‍ണായകവും ഗൌരവപൂര്‍ണവുമായ ആരോപണങ്ങളാണ് സിഎഎയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ എംപിമാര്‍ തയ്യാറാക്കിയ അഞ്ചുപേജുള്ള പ്രമേയത്തിലുള്ളത്.

“largest statelessness crisis in the world and cause widespread human suffering” എന്നതാണ് പ്രസ്തുത പ്രമേയത്തിന്റെ കാതല്‍. അതായത് പൌരത്വ ഭേദഗതി നിയമം രാജ്യമില്ലാത്തവരായും ദുരിതമനുഭവിക്കുന്നവരുമായി ഒരു വലിയ പങ്ക് ജനതയെ മാറ്റിയെടുക്കും. ഇത് ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകമാനം ബാധിക്കുന്ന ഒന്നായി മാറുമെന്നും പ്രമേയം പറയുന്നു.

അതോടൊപ്പം തന്നെ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. സിഎഎ പ്രതിഷേധങ്ങള്‍ മനുഷ്യത്വ വിരുദ്ധമായി അടിച്ചമര്‍ത്തുകയും 26 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ നാളിതുവരെ പുലര്‍ത്തിപ്പോന്നിരുന്ന ആശയങ്ങളെയെല്ലാം കടപുഴക്കിക്കൊണ്ട് സങ്കുചിതമായി ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്കു വേണ്ടി സ്വന്തം ജനതയെത്തന്നെ വിഭജിക്കുന്ന സമീപനമാണ് അധികാരികള്‍ പുലര്‍ത്തുന്നതെന്നാണ് യൂണിയന്റെ അഭിപ്രായം.

ഇന്ത്യയുമായി കാരാറുകളില്‍ ഏര്‍‌പ്പെടുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമെന്നത് ഉറപ്പാക്കേണ്ടതിന് ആവശ്യമായ വ്യവസ്ഥകള്‍ കൂടി ഉള്‍‌പ്പെടുത്തണമെന്ന നിര്‍‌ദ്ദേശം ഇന്ത്യയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങളെ അവര്‍ എത്ര ഗൌരവത്തിലാണ് എടുത്തിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കിത്തരും.

പ്രമേയം യൂറോപ്യന്‍ യൂണിയനില്‍ പാസ്സാകുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്. 751 പാര്‍ലമെന്റ് അംഗങ്ങളില്‍ ഭൂരിപക്ഷവും ഈ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യും. അങ്ങനെ വരികയാണെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നു മാത്രവുമല്ല, കാശ്മീരിന്റെ കാര്യത്തില്‍ ഇ യുവിനെ വിശ്വസിക്കാമെന്ന് ജനതയോട് പറഞ്ഞവര്‍ സിഎഎയുടെ കാര്യത്തില്‍ മറ്റൊരു നിലപാടെടുക്കേണ്ടി വരുന്നത് ഒരു വലിയ കോമാളിത്തരവുമാകും.

അമേരിക്ക ഇറാനെ ആക്രമിച്ചതിന്റെ പേരില്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധ സിഎഎയില്‍ നിന്ന് കുറച്ചു കാലത്തേക്ക് മാറിപ്പോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനും അതിനെതിരെ പ്രതിഷേധിക്കുവാനുമുള്ള പ്രവണതകള്‍ കാണിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍‌പ്പോലും ജനാധിപത്യവിരുദ്ധമായ നീക്കങ്ങളില്‍ നിന്നും അക്കൂട്ടര്‍ എത്രമാത്രം വിട്ടുനില്ക്കും എന്ന് കണ്ടറിയേണ്ടതുതന്നെയാണ്.

കാരണം രാജ്യം നേരിടുന്ന സാമ്പത്തിക വളര്‍ച്ചയില്ലായ്മയടക്കമുള്ള ആഭ്യന്തര കുഴപ്പങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ഇതല്ലാതെ വേറെ പോംവഴികള്‍ അവരുടെ മുന്നിലില്ലല്ലോ.

ഏതായാലും ആഗോളതലത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ നിലപാട് തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.