തിരുവനന്തപുരം:
കേരളത്തിൽ കൊറോണ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിച്ചിട്ടുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. തീവ്രമായ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള എട്ട് പേരിൽ ആറ് പേരുടെ പരിശോധനാഫലം പുറത്തുവന്നപ്പോൾ ആർക്കും തന്നെ കൊറോണ രോഗമില്ലെന്ന് സ്ഥിതീകരിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇനി റിസൾട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നും ഇനി കൊറോണ രോഗം കണ്ടെത്തിയാൽ അത് നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.