Mon. Dec 23rd, 2024

കളമശ്ശേരി:

കളമശ്ശേരി കങ്ങരപ്പടി തച്ചംവേലിമല റോഡിന് സമീപം പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം ഭൂവുടമ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയോടുകൂടി പൊളിച്ചുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപവാസികള്‍ കാലങ്ങളായി ആശ്രയിച്ചിരുന്ന നടപ്പാലമാണ് വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ അധികൃതരുടെ അനുമതിയില്ലാതെ പൊളിച്ചു നീക്കിയത്.

ഫോറസ്റ്റിന്‍റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുകളഞ്ഞതായും സംയുക്ത സമരസമിതി ആരോപിച്ചു. സ്വകാര്യ വ്യക്തി തന്‍റെ സ്ഥലത്തിന് ലക്ഷങ്ങള്‍ വില കിട്ടാനായിട്ടാണ് അനധികൃതമായി നടപ്പാലം പൊളിച്ചുകളഞ്ഞതെന്ന് പൊതുപ്രവര്‍ത്തകനായ ഷാജഹാന്‍ പറഞ്ഞു. സമീപത്ത് താമസിക്കുന്നവര്‍ക്ക് തുച്ഛമായ പണം നല്‍കി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

നടപ്പാലം പൊളിച്ചതിനെ തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ തൃക്കാക്കര പൊലീസിനും, പെരിയാര്‍വാലി ഉദ്യേഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

പാലം പൊളിക്കാൻ അനുമതി നൽകിയിട്ടില്ല, കൂടാതെ സർക്കാർ ഭൂമിയിലെ മരങ്ങളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ച സ്ഥല ഉടമയ്ക്കും ഭൂമാഫിയയ്ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉജ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam