Wed. Jan 22nd, 2025
കൊച്ചി:

 
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി വരുന്നു.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച നടപടികൾ:-

രോഗബാധിത പ്രദേശത്തുനിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് അപ്പോൾ തന്നെ റഫർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത സ്ഥലത്ത് നിന്നും പുറപ്പെട്ട തീയതി മുതൽ 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സ്വന്തം കുടുംബാംഗങ്ങളുടെയും, ചുറ്റുപാടുള്ളവരുടെയും സുരക്ഷയ്ക്കായി ഈ കാലയളവിൽ പൊതുസ്ഥലങ്ങളിൽ പോകുവാനും, മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും പാടില്ല. വീട്ടിൽ, ഗർഭിണികൾ, കുട്ടികൾ, ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, എന്നിവർ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ/ ജില്ലാ സർവെയ്‌ലൻസ്‌ യൂണിറ്റ് എന്നിവിടങ്ങളിൽ ഉടൻ വിവരം അറിയിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും, മൂക്കും, വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക. (തൂവാലയില്ലെങ്കിൽ കൈമുട്ടിന്‌ മുകളിലുള്ള ഭാഗമുപയോഗിച്ച് മറയ്ക്കുക.) കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൈകഴുകുക.

കഴിഞ്ഞ 28 ദിവസത്തിനിടയിൽ രോഗബാധിത പ്രദേശം സന്ദർശിച്ച 2 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലും, 6 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലും ആണ്.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ:-

പുറത്ത് പോയി വന്നയുടൻ കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി ഒഴിവാക്കുക.
ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും, മൂക്കും, വായും തൂവാല ഉപയോഗിച്ച് മറക്കുക
സംശയ നിവാരണത്തിനും, സേവനങ്ങൾക്കുമായി ദിശ 0471 2552066 അല്ലെങ്കിൽ 1056 ൽ വിളിക്കുക.

24/1/2020 ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം.