Sun. Nov 17th, 2024
ബെയ്ജിങ്ങ്:

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി രാജ്യാന്തര മാധ്യമങ്ങൾ. ബെയ്ജിങ്ങിൽനിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണു പ്രഭവകേന്ദ്രമെങ്കിലും മറ്റു രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനം ഭീതിയിലാണ്. ശനിയാഴ്ച മുതല്‍ ആരംഭിച്ച, രണ്ടാഴ്ച നീളുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് കരിനിഴലായിരിക്കുകയാണ് കൊറോണ.

സാഹചര്യം സൂക്ഷ്മമായി വിലയിരുത്താൻ ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി യോഗം വ്യാഴാഴ്ച ചേരും. ആഗോളതലത്തിൽ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരുന്നത്. എച്ച്1എൻ1, പോളിയോ, എബോള, സിക വൈറസ് തുടങ്ങിയവ പടർന്നു പിടിച്ച സമയങ്ങളിലാണു മുൻപ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്‌.

ചൈനയിൽ മാത്രം അഞ്ഞൂറിലേറെ ശ്വാസകോശ രോഗങ്ങൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ മണിക്കൂറിലും ഈ സംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. വുഹാൻ സന്ദർശിച്ചെത്തിയ മുപ്പതുകാരനിലൂടെ എസിലെ വാഷിങ്ടണിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യരാശിയെ സംഹരിക്കാന്‍ സാധിക്കുന്ന സസ്തനി വര്‍ഗമാണെന്ന് വവ്വാലുകള്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കൊറോണയിലൂടെ. പുതിയ കൊറോണ വൈറസിന്റെ (2019-nCoV) സ്രഷ്ടാക്കളും വാഹകരും, നിക്ടീരിസ് വവ്വാലുകളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കൊറോണയുടെ നാള്‍വഴികള്‍…

കൊറോണ വൈറസ് കുടുംബത്തിലെ 6 വൈറസുകൾ മാത്രമാണു മനുഷ്യനെ ബാധിക്കുന്നത്. 2003ൽ മധ്യ ചൈനയിൽനിന്നാരംഭിച്ച സാർസ്–കൊറോണ (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം–കൊറോണ) 37 രാജ്യങ്ങളിൽ പടർന്നുകയറുകയും ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

2012 ലാണ് സൗദി അറേബ്യയിൽ മെർസ്–കൊറോണ (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം–കൊറോണ) വൈറസ് ഒട്ടകങ്ങളിൽനിന്നു മനുഷ്യനിലേക്കു പ്രവേശിച്ചത്. തുടർന്ന് ഫ്രാൻസും ജർമനിയും ഈജിപ്തുമടക്കം 27 രാജ്യങ്ങളില്‍ ഈ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തി. വൈറസ് ബാധയേറ്റ 35% പേരും മരണത്തിനിരയായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2019 ഡിസംബർ 31നാണു ചൈനീസ് അധികൃതർ ന്യുമോണിയ രോഗമുണ്ടാക്കുന്ന അജ്ഞാത വൈറസിനെക്കുറിച്ചു ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ പ്രശസ്ത മാംസ–കടൽവിഭവ മാർക്കറ്റായ ഹ്വനാനിലെ കച്ചവടക്കാരിലാണു വൈറസിന്‍റെ സാന്നിദ്ധ്യം  ആദ്യം പ്രത്യക്ഷപ്പെട്ടത്. ആയിരത്തിലധികം കച്ചവടസ്ഥാപനങ്ങളുള്ള ഈ മാർക്കറ്റിൽ മാംസത്തിനൊപ്പം, ജീവനുള്ള കോഴി, മുയൽ, പൂച്ച എന്നിവയെയും വിൽക്കാറുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിതെന്ന സംശയം ഇങ്ങനെയാണ് ഉണ്ടാകുന്നത്.

1.1 കോടി ജനസംഖ്യയുള്ള വുഹാൻ, ലണ്ടനിലേക്കും പാരിസിലേക്കും റോമിലേക്കുമൊക്കെ നേരിട്ടു വ്യോമഗതാഗതമുള്ള പട്ടണമാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ, മലയാളി മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്ന നഗരമാണിത്.

മൃഗങ്ങളിൽനിന്നു മനുഷ്യനിലെത്തുന്നതാണു വൈറസുകളുടെ ഏറ്റവും വിഷമകരവും പ്രധാനപ്പെട്ടതുമായ കടമ്പ. അതുകഴിഞ്ഞാൽ അവയ്ക്കു മനുഷ്യകോശങ്ങളിൽ പെരുകി, ആവശ്യമായ ജനിതക തിരുത്തലുകൾ വരുത്തി ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാനാവും. ഈയൊരു സാധ്യതയെയാണ് ശാസ്ത്ര ലോകം ഭയക്കുന്നത്.

രൂപത്തിന്‍റെ പ്രത്യേകത കാരണമാണ് കൊറോണ വൈറസിന് ആ പേര് വന്നത്. കീരീടം പോലുള്ള ചില പ്രൊജക്‌ഷനുകൾ ഉള്ളതുകൊണ്ടാണ് അവ കൊറോണ എന്ന പേരില്‍ അറിയപ്പെടുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ എന്നാണ് അര്‍ത്ഥം. സൂര്യന്‍റെ പ്രഭാവലയമായ കൊറോണയുടെ രൂപമാണ് മൈക്രോസ്‍കോപ്പിലൂടെ കാണുമ്പോള്‍ വൈറസിനുള്ളത് എന്നത് മറ്റൊരു കാരണമാണ്.

 ലക്ഷണങ്ങള്‍

ശാസ്ത്രീയമായി പറഞ്ഞാൽ കൊറോണ വൈറിഡേ കുടുംബത്തിലെ ബീറ്റാ കൊറോണ വൈറസിന്റെ ജനിതക രൂപരേഖയുമായി 70% സാമ്യമുള്ളതാണു പുതിയ ചൈനീസ് വൈറസ്. പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണു മുഖ്യ ലക്ഷണങ്ങൾ. ന്യുമോണിയയ്ക്കു പുറമേ, പല രോഗികളിലും ശ്വാസകോശ നീർക്കെട്ടും കാണപ്പെടുന്നുണ്ട്.

ശാസ്ത്രീയമായ അടിസ്ഥാന രോഗനിയന്ത്രണ സംവിധാനങ്ങളായ കൃത്യമായ ഇടവേളകളിലെ കൈകഴുകൽ, മാസ്ക് ഉപയോഗം, രോഗികളുമായും രോഗസാധ്യതയുള്ളവരുമായുമുള്ള അടുത്ത സമ്പർക്കം ഒഴിവാക്കൽ തുടങ്ങിയവ അവലംബിക്കാനാണ് ഇപ്പോഴത്തെ നിർദേശം.

കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, പരിസ്ഥിതിയിൽ ഏൽപിക്കുന്ന കടുത്ത ആഘാതങ്ങൾ, അശാസ്ത്രീയമായ മാലിന്യസംസ്കരണം, രോഗപ്രതിരോധ സംവിധാനത്തിലെ അപാകതകൾ, രോഗാണുക്കളുടെ ജനിതകഘടനയിൽ വരുന്ന അപ്രതീക്ഷിത വ്യതിയാനങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾക്കെതിരെയുള്ള വ്യാപകമായ അശാസ്ത്രീയ സമീപനങ്ങൾ, മനുഷ്യരുടെ രോഗപ്രതിരോധശേഷിയിൽ വരുന്ന അഭികാമ്യമല്ലാത്ത മാറ്റങ്ങൾ, മാറുന്ന സാമൂഹിക കാഴ്ചപ്പാടുകൾ എന്നിവ ഇത്തരം പുതിയ രോഗാണുക്കളെ സൃഷ്ടിക്കുന്നതില്‍ സംക്രമിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇത് കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

രോഗം ബാധിച്ച് മലയാളി നഴ്സുമാര്‍

സൗദി അബഹയില്‍ മലയാളി നഴ്‌സിനു കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സായ, കോട്ടയം സ്വദേശിനിയായ യുവതിക്ക് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്നാണ് കൊറോണ ബാധിച്ചത്.

ഫിലിപ്പിനോ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അവരുമായി ഇടപെട്ടിരുന്ന മുപ്പതോളം നഴ്‌സുമാരെ പ്രത്യകം മാറ്റി താമസിപ്പിച്ച് എല്ലാവരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു പരിശോധനക്ക് വിട്ടിരുന്നു. ആദ്യഘട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ആണ് മലയാളി യുവതിക്ക് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. പകുതിയില്‍ അധികം പേരും ഇപ്പോഴും പരിശോധനാഫലം കാത്തിരിക്കുകയാണ്.

അല്‍ ഹയാത്ത് ആശുപത്രിയില്‍ കൊറോണ വൈറസിനുള്ള ചികില്‍സ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടപെടണമെന്ന് ജീവനക്കാര്‍ എംബസിയുമായി ബന്ധപ്പെട്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലയാളി നഴ്‌സ് അടക്കം വൈറസ് ബാധിച്ചവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

കൊറോണപ്പേടിയില്‍ ലോകം

രണസംഖ്യ ഉയരുന്നതിനാൽ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. നഗരത്തിൽനിന്നു പുറത്തുപോകരുതെന്നും കൂട്ടം കൂടരുതെന്നും ജനങ്ങൾക്കു നിർദേശമുണ്ട്.വുഹാനിലേക്കുള്ള യാത്രയ്ക്കും വിലക്കേർപ്പെടുത്തി. രണ്ടായിരത്തിലേറെപ്പേർ ചൈനയിൽ മാത്രം നിരീക്ഷണത്തിലാണ്.

ബെയ്ജിങ്ങിൽ പൊതു ഇടങ്ങളിലേക്ക് വരാന്‍ ആളുകള്‍ മടിക്കുകയാണ്. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് ചൈനയിൽനിന്നു പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കം രാജ്യത്തെ 4 വിമാനത്താവളങ്ങളിൽ കൂടി കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണു മറ്റുള്ളവ. വിശദ പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങൾ വിമാനത്താവളങ്ങൾക്കു ലഭ്യമാക്കും. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്കു വിധേയരാക്കാനാണു നിർദേശം.

ചൈനയിലേക്കു യാത്ര ചെയ്യുകയാണെങ്കിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലും സുരക്ഷാ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ചൈനയിൽ പോയി തിരിച്ചു വന്നവർ അതതു ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.