കൊച്ചി:
ജില്ലാ ജയിലിന്‍റെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം തുടങ്ങിയ ജയില്‍ ഭക്ഷണ കൗണ്ടറില്‍ വമ്പിച്ച വിലക്കുറവ്. ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. ഉച്ചയായാല്‍ കൗണ്ടറിന് മുന്നില്‍ വണ്ടി നിര്‍ത്തി ഊണും ചപ്പാത്തിയും വാങ്ങാന്‍ ക്യൂ ആണ് ആള്‍ക്കാര്‍.
വെജ് ബിരിയാണി 50, ഫ്രെെഡ് റെെസ് 40, പൊതിച്ചോറ് 40, കുപ്പിവെള്ളത്തിന് 10 രൂപ, ചായയ്ക്കും എണ്ണപലഹാരങ്ങള്‍ക്കും വെറും 6 രൂപ മാത്രമെ ഉള്ളു. 20 രൂപയ്ക്ക്ക് റെഡി ടു കുക്ക് ചപ്പാത്തിയും കൗണ്ടറില്‍ നിന്ന് ലഭിക്കും. 10 ചപ്പാത്തിയാണ് ഈ 20 രൂപയുടെ കവറിനുള്ളില്‍ ഉള്ളത്. ഭക്ഷണ സാധനങ്ങള്‍ക്ക് പുറമെ അലങ്കാര വസ്തുക്കള്‍, ബള്‍ബ്, മെഴുകുതിരി, ഫ്ലവേഴ്സ് തുടങ്ങിയവയെല്ലാം ഇവിടെ നിന്ന് ലഭിക്കും.
അന്തേവാസികളായ 40 പേരാണ് ചപ്പാത്തി നിര്‍മാണവും പാചകവുമായി സഹകരിക്കുന്നത്. ഗാന്ധിപീസ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ആരംഭിച്ച കൗണ്ടര്‍ രാവിലെ 11 മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ‘ഫ്രീഡം ഫുഡ് ഫാക്ടറി കൗണ്ടര്‍’ എന്ന പേരില്‍ തുടങ്ങിയ ഭക്ഷണ കൗണ്ടര്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. ദിവസവേതനാടിസ്ഥാനത്തില്‍ ജയില്‍ വകുപ്പ് നിയമിച്ച ഉദയകുമാര്‍ എന്നയാളാണ് ഭക്ഷണവില്‍പന നടത്താന്‍ കൗണ്ടറില്‍ ഉള്ളത്.
രാവിലെ 11 മണിക്ക് കൗണ്ടര്‍ തുറക്കാന്‍ എത്തുമ്പേഴേക്കും ആള്‍ക്കാര്‍ ഭക്ഷണം വാങ്ങാനായി ക്യൂ ആയിരിക്കുമെന്ന് ഉദയ കുമാര്‍ വോക്ക് മലയാളത്തേട് പറഞ്ഞു. ഉച്ചയ്ക്ക് ഊണ് കൊണ്ടുവന്നാല്‍ 15 മിനിറ്റ് കൊണ്ട് തന്നെ പകുതിയും തീരാറുണ്ട്. തിരക്ക് കൂടുന്നതിനാല്‍ കൗണ്ടറിന്‍റെ പ്രവര്‍ത്തന സമയം കുറച്ചുകൂടി നീട്ടുമെന്ന് ഉദയകുമാര്‍ പറയുന്നു.