മരട്:
ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു പറ്റിയെന്നറിയാനായിരുന്നു. ദേശീയ തലത്തില്‍ പോലും അങ്ങനെ ഈ ഇരുനില കെട്ടിടം ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നൂറിലധികം അപ്പാര്‍ട്ട്‌മെന്റുള്ള ഈ ഫ്ലാറ്റ് സമുച്ചയം ഇടിഞ്ഞുവീഴുമ്പോള്‍ ഈ അംഗനവാടിയുടെ ജനല്‍ച്ചില്ലകള്‍ ചെറുതായിട്ട് പൊട്ടിയതൊഴിച്ചാല്‍ മറ്റൊരു കേടുപാടുകളും അംഗംനവാടിക്ക് സംഭവിച്ചിട്ടില്ല. ഇതൊക്കെ വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞിട്ടും അംഗനവാടിയുടെ സ്ഥിതിയെ കുറിച്ച് നേരിട്ട് കണ്ട് ക്ഷേമം അന്വേഷിക്കാന്‍ നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
ഫ്ലാറ്റിന്റെ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ കാണാന്‍ എത്തുന്നവര്‍ ആദ്യം ചോദിക്കുന്നത് ഇവിടെയൊരു അംഗനവാടി ഉണ്ടായിരുന്നില്ലേയെന്നാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ അംഗനവാടിയെ തേടിയെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഗോള്‍ഡന്‍ കായലോരവും ഈ അംഗനവാടിയും തമ്മില്‍ ഏകദേശം ആറ് മീറ്റര്‍ ദൂരം മാത്രമേ വ്യത്യാസമുള്ളു. അതുകൊണ്ട് തന്നെ ജില്ലാ ഭരണകൂടവും ഫ്ലാറ്റ് പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്ത എഡിഫെെസ് എന്ന കമ്പനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നതുമാണ്.
എന്നാല്‍ ആ ആശങ്കകളെയെല്ലാം നിഷ്‌പ്രഭമാക്കി ഈ അംഗനവാടി അതിജീവിച്ചു. പത്ത് കുട്ടികളാണ് അംഗനവാടിയില്‍ ഉണ്ടായിരുന്നത്. ഗോള്‍ഡൻ കായലോരത്തെ രണ്ട് കുട്ടികളും പഠിച്ചിരുന്നു. അംഗനവാടിയുടെ അകത്തും പുറത്തുമെല്ലാം പൊടി രൂക്ഷമായതിനാല്‍ താത്കാലികമായി അടുത്തുള്ള വായനശാലയിലാണ് അംഗനവാടി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് അംഗനവാടി വൃത്തിയാക്കിയാല്‍ വീണ്ടും ഈ കുട്ടികള്‍ ഇവിടേക്ക് തിരിച്ചെത്തും.