Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേരളത്തിൽ, 2014 മുതൽ ഇന്നുവരെ ഏകദേശം 151 കേസുകൾ യുഎപി‌എ (Unlawful Activities (Prevention) Act) വകുപ്പുപ്രകാരം പോലീസ് എടുത്തിട്ടുണ്ട്. പോലീസ് വകുപ്പിലെ കണക്കുകൾ പ്രകാരം, 2014, 2015, 2016 എന്നീ വർഷങ്ങളിൽ അത് യഥാക്രമം, 30, 35, 36 എന്നിങ്ങനെ ആയിരുന്നു. 2017, 2018, 2019 (സെപ്റ്റംബർ വരെ) എന്നീ വർഷങ്ങളിൽ അത് കുറഞ്ഞ് 7, 17, 29 എന്നായി.

തുടക്കത്തിൽ ഒരുപാടു കേസുകളിൽ യുഎപിഎ ചുമത്തപ്പെടാറുണ്ടെങ്കിലും, സർക്കാർ കുറച്ചു കേസുകളിൽ മാത്രമേ വിചാരണയ്ക്ക് അനുമതി നൽകാറുള്ളൂ. കാരണം യുഎപിഎ യ്ക്കു കീഴിൽ കുറ്റം ചുമത്തപ്പെട്ടാൽത്തന്നെ, ആരോപണവിധേയർക്കെതിരായി യുഎപിഎ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റം നിലനിർത്താൻ, പുനഃപരിശോധന കമ്മറ്റിയ്ക്കു മുന്നിൽ ബോദ്ധ്യപ്പെടുത്താനുള്ള തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താൻ കഴിയുന്നില്ല.

2018 ലെ യുഎപിഎ നിയമം പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയ തെളിവുകൾ കൈപ്പറ്റി ഏഴു ദിവസത്തിനുള്ളിൽത്തന്നെ പുനഃപരിശോധന അതോറിറ്റി അതിന്റെ റിപ്പോർട്ട്, നിർദ്ദേശസഹിതം, കേന്ദ്രത്തിനോ സംസ്ഥാനത്തിനോ കൈമാറിയിരിക്കണം.

ആ റിപ്പോർട്ട് കൈപ്പറ്റി ഏഴു ദിവസത്തിനുള്ളിൽത്തന്നെ, ആ റിപ്പോർട്ട് ആധാരമാക്കി കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ വിചാരണയ്ക്കുള്ള അനുമതിയോ നിഷേധമോ നൽകിയിരിക്കണം.

യുഎപിഎ കേസുകൾ പുനഃപരിശോധന കമ്മറ്റിയുടെ തീവ്രപരിശോധയ്ക്ക് വിധേയമാവും. അവ നിയമപരമായുള്ള തെളിവുകളുടെ പിന്തുണയോടെയാണ് ബോദ്ധ്യപ്പെടുത്തേണ്ടത്. അതുകൊണ്ടാണ് പല യുഎപിഎ കേസുകളും പോലീസ് അന്വേഷിച്ചാലും, എൻഐഎ പോലെയുള്ള ഏജൻസികൾ അന്വേഷിച്ചാലും, വിചാരണയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കോടതി വിധിയിൽ അവസാനിക്കുന്നത്.

സ്വീകാര്യയോഗ്യമായ തെളിവുകളുടെ അഭാവം കാരണമാണ്, തുടക്കത്തിൽ ചുമത്തിയിട്ടുണ്ടെങ്കിലും, പോലീസിന് യുഎപിഎ വകുപ്പുകൾ പിന്നീട് റദ്ദാക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ പുനഃപരിശോധന കമ്മറ്റിയിൽ, അധ്യക്ഷനായ ജസ്റ്റിസ് പി എസ് ഗോപിനാഥനെക്കൂടാതെ, ഡിഐജി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും, ആഭ്യന്തര, നിയമവകുപ്പുകളിൽ നിന്ന് രണ്ട് ഓഫീസർമാരും ഉണ്ട്. “പലപ്പോഴും, എസ്‌പി റാങ്കിലുള്ള, അല്ലെങ്കിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ, യുഎപിഎ വകുപ്പ് പ്രകാരമുള്ള കുറ്റം എന്തിനാണു ചുമത്തിയതെന്ന് വിശദീകരിക്കാൻ പുനഃപരിശോധനക്കമ്മറ്റിക്കു മുമ്പിൽ ഹാജരാവാൻ ഉത്തരവിടാറുണ്ട്.” പോലീസ് വൃത്തങ്ങൾ പറഞ്ഞു.

2016 ൽ, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നയുടനെ, പൊതുപ്രവർത്തകനായ കമാൽ സി ചവറയ്ക്കും, നദീറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പോലീസിന് രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. ഈ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ 2010 മുതൽ യുഎപിഎ ചുമത്തിയ എല്ലാ കേസുകളുടെയും പുനഃപരിശോധന നടത്താൻ പോലീസ് മുഖ്യൻ നിർബ്ബന്ധിതനായി.

കഴിഞ്ഞ അഞ്ചുവർഷക്കാലമായി യുഎപിഎ വകുപ്പുപ്രകാരം എടുത്തിട്ടുള്ള 42 കേസുകൾ പിൻ‌വലിച്ചതായി, പിന്നീട് 2017 ൽ, പോലീസ് പ്രസ്താവിച്ചു.

പുനഃപരിശോധനക്കമ്മറ്റി അസംബന്ധമാണെന്നും, യുഎപിഎ വകുപ്പ് ചുമത്തിയിട്ടുള്ള ചില കേസുകളിൽ അത് നീക്കം ചെയ്യപ്പെട്ടത് കോടതിയുടെ ഇടപെടലുകൾ കൊണ്ടാണെന്നും, മനുഷ്യാവകാശപ്രവർത്തകനായ തുഷാർ നിർമ്മൽ സാരഥി പറഞ്ഞു. “ഉദാഹരണത്തിന്, പൊതുപ്രവർത്തകനായ നദീറിന്റേയും, കോഴിക്കോട്ടെ രജീഷിന്റേയും കേസുകളിൽ, യുഎപിഎ വകുപ്പ് പ്രകാരമുള്ള കുറ്റം നീക്കം ചെയ്യപ്പെട്ടത്, പുനഃപരിശോധനക്കമ്മറ്റിയുടെ നിർദ്ദേശങ്ങൾ കാരണമല്ല, മറിച്ച്, കോടതിയുടെ ഇടപെടൽ കൊണ്ടാണ്.” അദ്ദേഹം പറഞ്ഞു.