Mon. Dec 23rd, 2024
കൊച്ചി:

 
ജര്‍മനിയിലെ ധീരയായ കമ്മ്യൂണിസ്റ്റ് നേതാവ് റോസ ലക്സംബര്‍ഗിന്റെ  101-ാം രക്തസാക്ഷിത്വ ദിനം സിഎംപി ആചരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീവവായു ജനാധിപത്യമാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ നേതാവായിരുന്നു റോസ ലംക്സംബര്‍ഗ്.

ജനുവരി 15ന്  മേനക ഓവന്‍ ബേക്കറിയ്ക്ക് മുന്‍വശം നടന്ന ചടങ്ങ് പതാക ഉയര്‍ത്തികൊണ്ട് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജര്‍മനിയിലും, കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡ‍ലങ്ങളിലും റോസാ ലക്സംബര്‍ഗിന്റെ അനുസ്മരണ ദിനം സിഎംപി ആചരിച്ചു.

ജർമനിയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനു തീ പകരുന്നതായിരുന്നു റോസയുടെ ആശയങ്ങള്‍. ലെനിനെ പോലെ വിപ്ലവം നയിക്കാനുള്ള കരുത്തും, മാര്‍ക്സിനെ പോലെ എഴുതാനുള്ള ശക്തിയും ഒത്തിണങ്ങിയ മഹിളാ രത്നമായിരുന്നു റോസയെന്ന് സി പി ജോണ്‍ അനുസ്മരിച്ചു.

സിഎംപി അല്ലാതെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും റോസാ ലക്സംബര്‍ഗിന്റെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നില്ലെന്ന് സി പി ജോണ്‍ പറഞ്ഞു. ലെനിനെയും സ്റ്റാലിനെയും പാര്‍ട്ടിക്കകത്ത് നിന്നുകൊണ്ട് വിമര്‍ശിച്ചതിന് അന്നത്തെ പിന്തിരിപ്പന്‍മാരാല്‍ കൊല്ലപ്പെട്ട ധീരയായ വനിതയാണ് റോസയെന്നും അദ്ദേഹം പറഞ്ഞു.

1919 ജനുവരി 15ന് വളരെ മൃഗീയമായ രീതിയിലാണ് റോസ കൊല ചെയ്യപ്പെട്ടത്. തോക്കിന്റെ പാത്തികൊണ്ടു റോസയുടെ തലയോട് തകർത്ത ജര്‍മ്മന്‍ പൊലീസ് പിന്നെ അവരുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. മൃതദേഹം പോലും ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആദരിക്കാതെ ലാൻഡ് വേർ കനാലിലേക്കു വലിച്ചെറിയുകയായിരുന്നു.

റോസയുടെ കത്തുന്ന ഓർമ്മ നൂറ്റാണ്ടു പിന്നിടുമ്പോൾ ജർമൻ രാഷ്ട്രീയം പലനിലയിൽ മാറിമറിഞ്ഞു. എന്നാല്‍ ജര്‍മനിയിലും കേരളത്തിലും സിഎംപി റോസയുടെ ജ്വലിക്കുന്ന ഓര്‍മ്മകളെയും ആശയങ്ങളെയും കൂടുതല്‍ ജനകീയവത്കരിക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam