Sun. Sep 8th, 2024
കൊച്ചി:

 
കുറഞ്ഞ ചിലവില്‍ അതിവേഗം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് (എഫ്ആർബിഎൽ) അടച്ചുപൂട്ടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ കമ്പനി തുച്ഛമായ ചിലവില്‍ നൂറു കണക്കിന് വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. പ്രളയത്തില്‍ കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും കമ്പനി നിരവധി വീടുകളാണ് വളരെ പെട്ടെന്ന് നിര്‍മ്മിച്ച് നല്‍കിയത്.

വ്യവസായ മാലിന്യമായ ജിപ്സത്തിൽനിന്ന്‌ കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്. വിറ്റുവരവും സാമ്പത്തികസ്ഥിതിയും നിലവിൽ മെച്ചമാണെങ്കിലും മുൻകാല ബാധ്യതയുടെ പേരിലാണ്‌ ഇപ്പോള്‍ നടപടി കെെക്കൊണ്ടിരിക്കുന്നത്. ആകെയുള്ള 135 ജീവനക്കാരെ പിരിച്ചുവിടുന്നതിനായി നോട്ടീസും നൽകിയിട്ടുണ്ട്‌.

“ധേന ബാങ്ക്, എസ്ബി െഎ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും എന്‍ െഎ സിബി എന്ന സ്വകാര്യ ബാങ്കുകളില്‍ നിന്ന് ലോണെടുത്താണ് കമ്പനി തുടങ്ങിയത്. ഇതില്‍ രണ്ട് ബാങ്കിന്റെ കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ത്തിരുന്നു. എന്നാല്‍ സ്വകാര്യ ബാങ്കായ എന്‍ െഎ സിബിയുടെ ലോണ്‍ അടക്കാന്‍ സാധിച്ചിരുന്നില്ല. 22 കോടിയോളം രൂപയായിരുന്നു ഈ ബാങ്കില്‍ നിന്ന് കടം എടുത്തത്. പത്ത് കോടിയോളം രൂപ പലിശ അടച്ചിരുന്നെങ്കിലും മുഴുവുവന്‍ പണവും അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. 12 കോടി രൂപ പത്ത് വര്‍ഷത്തിനുള്ളില്‍ കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു.” എന്നാല്‍ വണ്‍ ടെെസം സെറ്റില്‍മെന്റിന് ബാങ്ക് തയ്യാറായിരുന്നില്ലെന്നും അതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഫാക്ട് മാനേജിങ് ഡയറക്ടര്‍ സി പി ദിനേശ് പറ‍ഞ്ഞു.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെയും രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലെെസേഴ്സിന്റെയും സംയുക്ത സംരംഭമാണ് എഫ്ആര്‍ബിഎല്‍. ജിപ്സം  ഉപയോഗിച്ച്‌ ‘റീ ഇൻഫോഴ്സ്ഡ് ജിപ്സം വാൾ പാനൽ’ നിർമ്മിക്കുന്നത് ചെന്നൈ ഐഐടി വികസിപ്പിച്ച സാങ്കേതിക വിദ്യയനുസരിച്ചാണ്.

2008 ൽ പ്രവർത്തനമാരംഭിച്ച എഫ്ആർബിഎലിന്റെ തുടക്കത്തിൽ ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ജിപ്സത്തില്‍ നിന്നുള്ള നിര്‍മ്മാണങ്ങള്‍ക്ക് സ്വീകാര്യതയും ലഭിച്ചിരുന്നു. സാധാരണ നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് 25 ശതമാനം ചെലവ് കുറഞ്ഞതാണ് ജിപ്സം പാനല്‍ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം.

അഞ്ചു വര്‍ഷത്തോളം തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കി യാതൊരു പ്രതിസന്ധിയുമില്ലാതെ നീങ്ങിയ സ്ഥാപനം ബാങ്ക് അയയാത്തതിനാലാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്. എന്‍ െഎ സിബിയ്ക്ക് പലിശയുള്‍പ്പടെ നാല്‍പത് കോടി നല്‍കണം, പിന്നീട് 22 കോടി നല്‍കണം എന്നൊക്കെയുള്ള ഡിമാന്‍ഡ് വച്ചപ്പോഴാണ് നല്ലരീതിയില്‍ മുന്നോട് പോയ സ്ഥാപനം അടച്ചുപൂട്ടേണ്ട വക്കില്‍ എത്തിയതെന്ന് സി പി ദിനേശ് വ്യക്തമാക്കി.

ബാങ്ക് സിജെഎം കോടതിയെ സമീപിച്ചിരുന്നു. തൊഴിലാളികളെ ഒഴിവാക്കി പ്ലാന്റ്, ബാങ്കിന് കെെമാറാന്‍ കോടതി നിർദ്ദേശിച്ചിരുന്നതായും അതിനാലാണ് തൊഴിലാളികളെ ഒഴിവാക്കിയതെന്നും ആരെയും പുറത്താക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

By Binsha Das

Digital Journalist at Woke Malayalam