Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

തൊഴിലാളികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ദേശീയ പണിമുടക്കിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്‍തുണ അറിയിച്ചത്. ഇന്ന് 25 കോടി തൊഴിലാളികള്‍ പ്രതിഷേധമായി രാജ്യവ്യാപക പണിമുടക്ക് നടത്തുകയാണെന്നും അവരെ സല്യൂട്ട് ചെയ്യുന്നതായും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

മോദി-അമിത് ഷാ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍രംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു. മോദിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തുന്നത് ന്യായീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികള്‍ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

’24 മണിക്കൂര്‍ പണിമുടക്കി ഭാരത് ബന്ദിന്റെ ഭാഗമാകുകയാണ് 25 കോടിയോളം വരുന്ന തൊഴിലാളികള്‍. അവര്‍ക്ക് എന്റെ സല്യൂട്ട്’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ മോദി ഉറ്റവരായ മുതലാളി സുഹൃത്തുക്കള്‍ക്ക് വിറ്റ് ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ രാജ്യം നിശ്ചലമാണ്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേര്‍ന്നിട്ടുണ്ട്.

പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രിവരെ തുടരും. തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്