Sun. Dec 22nd, 2024
തിരുവനന്തപുരം:

ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. ഡി.ജി.പി സ്ഥാനത്ത് നിന്ന് ഇടത് സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയ നടപടിയെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് നിയമനം നല്‍കിയത്. മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്ന് കരുതി എടുത്ത തീരുമാനമായിരുന്നു’, ചെന്നിത്തല പറഞ്ഞു.

നേരത്തെ സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണ് എന്ന് ചെന്നിത്തല നിയമസഭയിലടക്കം പറഞ്ഞിരുന്നു. ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അന്ന് മഹേഷ് കുമാര്‍ സിംഗ്‌ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു’വെന്ന് ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന സെന്‍കുമാറിനെ പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും അതിനെതിരെ നടന്ന നിയമപോരാട്ടങ്ങളും, ഒടുവില്‍ കുറച്ചുകാലത്തേക്ക് സെന്‍കുമാര്‍ വീണ്ടും ഡിജിപി പദവിയിലെത്തിയതും, കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കിയ വിവാദങ്ങളായിരുന്നു.