Wed. Jan 22nd, 2025

1905 ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രദേശമായ ബംഗാൾ പ്രസിഡൻസിയുടെ വിഭജനം ഒരു സർക്കാർ ഉത്തരവിലൂടെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു 1905 ജൂലൈ 19 ന് പ്രഖ്യാപിച്ചു. ബംഗാൾ പ്രസിഡൻസിയുടെ പ്രദേശങ്ങളുടെ പുനഃസംഘടന എന്ന നിലയിൽ ഈസ്റ്റേൺ ബംഗാൾ, ആസാം എന്നീ രണ്ട് പ്രദേശങ്ങൾ കഴ്സൺ സ്ഥാപിച്ചു. ഡാക്ക തലസ്ഥാനമായുള്ള ആ സ്ഥലങ്ങളുടെ ലഫ്റ്റനന്റ് ഗവർണറായി ബാംഫ്ലൈഡ് ഫുള്ളറേയും നിയമിച്ചു.

ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ അധികാരികൾ നടപ്പിലാക്കാൻ തീരുമാനിച്ച, കഴ്സന്റെ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വ്യവസ്ഥ പൊതുജനങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു.

“പരിഭ്രാന്തരായ പൊതുജനത്തിനു മുകളിൽ ഒരു ബോംബ് പതിച്ചതുപോലെയായായിരുന്നു ആ പ്രസ്താവന. അപമാനിക്കപ്പെട്ടതായും, അവഹേളിക്കപ്പെട്ടതായും, ചതിക്കപ്പെട്ടതായും ഞങ്ങൾക്കു തോന്നി.” സുരേന്ദ്രനാഥ് ബാനർജി എഴുതി.

ബംഗാൾ വിഭജിക്കാനുള്ള കഴ്സന്റെ തീരുമാനം രാജ്യവ്യാപകമായ പ്രതിഷേധത്തിനും, വലിയൊരു രാഷ്ട്രീയ കലാപത്തിനും വഴിവെച്ചു. എങ്കിലും, പൊതുജനാഭിപ്രായം മാനിക്കാതെ കഴ്സൻ ആ തീരുമാനവുമായി മുന്നോട്ടുപോയി. 1905 ഒക്ടോബർ 16 ന് ആ നിയമം, നടപ്പിലാക്കിയ ഒരു കാര്യമായി മാറി.

ആ നിയമത്തിന് എതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ കൊൽക്കത്തയിലെ ഈഡൻ ഹിന്ദു ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴ്സൺ പ്രഭുവിന്റെ കോലം കത്തിക്കുകയും പരീക്ഷകൾ ബഹിഷ്കരിക്കുകയും ചെയ്തു. അത് ധീരതയുടെ മഹത്തരമായ ഒരു പ്രതിഷേധവും ചെറുത്തുനിൽപ്പിന്റെ പ്രവൃത്തിയും ആയിരുന്നു. അത് വിപ്ലവകരമായ ദേശീയതയെ ഉണർത്തി.

ഇന്ത്യയിലെ വിദ്യാർത്ഥിരാഷ്ട്രീയ ചരിത്രത്തിന്റെ വഴിത്തിരിവ് ആയി മാറിയ ആ പ്രതിഷേധം രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ഒരുപാട് വിദ്യാർത്ഥികളെ ആകർഷിച്ചു. ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിനു വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൽ പങ്കെടുത്തു.

സ്വദേശി പ്രസ്ഥാനവും നിസ്സഹകരണപ്രസ്ഥാനവും കൂടുതൽ നേട്ടം കൈവരിച്ചു. ഉദാഹരണത്തിന്, സ്വദേശി പ്രക്ഷോഭത്തിന്റെ സ്വാധീനം കാരണം ‘പൊതുതാത്പര്യമുള്ള സംശയങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി’ കൊൽക്കത്തയിലെ ബീഹാറി വിദ്യാർത്ഥികൾ 1906 ജൂലൈ 26 ന് ആദ്യത്തെ ബീഹാറി വിദ്യാർത്ഥി സമ്മേളനം വിളിച്ചുകൂട്ടി.

പ്രധാന പ്രവർത്തകരെല്ലാം നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ്, പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടത്. അതുവരെ ബീഹാർ വിദ്യാർത്ഥി പ്രസ്ഥാനം ബീഹാറിന്റെ ചരിത്രത്തിൽ വലിയൊരു പങ്കാണു വഹിച്ചത്. അപ്പോൾത്തന്നെ ഒരുപാട് വിദ്യാർത്ഥികൾ ഗാന്ധിജിയുടെ രാഷ്ട്രീയ – പൊതുപ്രവർത്തനത്തിൽ ആകൃഷ്ടരായി നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുചേർന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോൺഗ്രസ്സുകാർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ, സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു.

രാജ്യവ്യാപകമായുള്ള വിദ്യാർത്ഥിപ്രസ്ഥാനത്തെ ഏകോപിപ്പിക്കാനും, ഊർജ്ജ്വസ്വലമാക്കാനും, 1920 ഡിസബറിൽ ലാല ലജ്‌പത് റായിയുടെ നേതൃത്വത്തിൽ ആദ്യത്തെ ഓൾ ഇന്ത്യ കോളേജ് സ്റ്റുഡന്റ്സ് കോൺഫറൻസ് നാഗ്‌പൂരിൽ നടന്നു.

1930 കളിൽ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഘടകമായിരുന്നിരിക്കണം വിദ്യാർത്ഥിപ്രസ്ഥാനമെന്ന് ഫിലിപ്പ് ജി ഓൾട്ട്ബാക്ക്, “സ്റ്റുഡന്റ് പൊളിറ്റിക്സ്; ഹിസ്റ്റോറിക്കൽ പെർസ്‌പെക്റ്റീവ് ആൻഡ് ദ ചേഞ്ചിങ് സീൻ” എന്ന പുസ്തകത്തിൽ എഴുതി.

വിദ്യഭ്യാസമേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി 1936 ൽ വിദ്യാർത്ഥികളുടെ ആദ്യത്തെ ദേശീയ സംഘടന – ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ- സ്ഥാപിക്കപ്പെട്ടു. 1937 ൽ ഓൾ ഇന്ത്യ മുസ്ലീം ലീഗിന്റെ കീഴിൽ ഓൾ ഇന്ത്യ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷനും സ്ഥാപിതമായി.

1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനമനുസരിച്ച് നടത്തിയ പ്രതിഷേധത്തിലെ വിദ്യാർത്ഥി പങ്കാളിത്തം വലിയൊരു പ്രസ്ഥാനത്തിന് കാരണമായി. ഒടുവിൽ 1945 ൽ, സോഷ്യലിസ്റ്റുകളും ഗാന്ധിവാദികളും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് കോൺഗ്രസ് രൂപീകരിച്ചു.

നാലു ദശാബ്ദക്കാലം – ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായ 1947 വരെ- വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനത്തെ നയിച്ചിരുന്നത് വ്യക്തമായ ലക്ഷ്യങ്ങളായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിലെ ആശയപരമായ വ്യത്യാസങ്ങളും, ആഭ്യന്തരകലഹങ്ങളും ഒഴിച്ചുനിർത്തിയാൽ, അവർ രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും, സാമൂഹിക സാമ്പത്തികമേഖലയിലെ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യാനുമായി ഒരുമയോടെ നിലകൊണ്ടു.

“വിദ്യാർത്ഥി പ്രതിഷേധത്തിൽ ഇന്ത്യയ്ക്ക് വളരെ നീണ്ട ഒരു ചരിത്രമുണ്ട്. സ്വാതന്ത്ര്യസമരത്തിൽ വിദ്യാർത്ഥി പങ്കാളിത്തം ആധുനിക ഭാരതീയ ചരിത്രത്തിൽ മഹത്വപൂർണ്ണമായ അധ്യായം രചിച്ചു.” സുഭാഷ് ചന്ദ്ര ഹസാരെ ഇന്ത്യൻ ജേണൽ ഓഫ് പൊളിറ്റിക്കൽ സയൻസിൽ എഴുതി.

പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം കാര്യങ്ങൾ മാറി. സംഘാടനമില്ലാത്ത, വിവേചനപരമായതും പ്രാദേശികമായതുമായ പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്ര്യം നേടാനും സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യാനുമുള്ള മാർഗ്ഗങ്ങൾക്ക് വിഘ്നമായി.

പക്ഷേ, അന്നു മുതൽ ഇന്നുവരെ പല സംസ്ഥാനസർക്കാരുകളുടേയും മാറ്റത്തിൽ ചില വിദ്യാർത്ഥിപ്രതിഷേധങ്ങൾ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് പശ്ചിമബംഗാളിൽ, വിദ്യാർത്ഥികൾ പല വലിയ പ്രക്ഷോഭങ്ങളിലും പങ്കുകൊണ്ടിട്ടുണ്ട്. ട്രാം നിരക്കിനെതിരെയുള്ളത്, ബംഗാൾ ബീഹാർ സംയോജന തർക്കം, ഉയർന്ന വേതനത്തിനായി അധ്യാപകർ നടത്തിയ സമരം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു.

ഉത്തർപ്രദേശിലെ മൂന്നു സർവകലാശാലകൾ – ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല, അലിഗഢ് സർവകലാശാല – എന്നി വിദ്യാർത്ഥികളുടെ രാഷ്ട്രീയത്തിലും പ്രതിഷേധത്തിലും സ്തംഭിച്ചിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയാക്കുന്നതിന്റെ കാര്യത്തിൽ വടക്കേയിന്ത്യയിലെ ഹിന്ദി ഒന്നാം ഭാഷയല്ലാത്ത സർവകലാശാലകളും പ്രക്ഷോഭം നടത്തിയിട്ടുണ്ട്. ഒഡീഷയും ഗണ്യമായ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫീസ് വർദ്ധനയ്ക്കെതിരെ 1951 ൽ നടത്തിയ സമരവും സംസ്ഥാന പുനഃസംഘടന കമ്മീഷൻ റിപ്പോർട്ടി (States Reorganisation Commission)നെതിരെ 1956 ൽ നടന്ന സമരവും ഉദാഹരണങ്ങളാണ്.

1970 കളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയത്തിൽ മാതൃകാപരമായ മാറ്റം വരുത്തുകയും ഗണ്യമായ രാഷ്ട്രീയമാറ്റം നടപ്പിൽ വരുത്തുകയും ചെയ്തു. 1974 ലെ ബീഹാറിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങൾ, തിരഞ്ഞെടുപ്പ് പരിഷ്കരണം, അവശ്യസാധനങ്ങൾക്ക് ശരിയായ വില, വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പുനക്രമീകരണം എന്നീ ബൃഹത്തായ സാമൂഹികപ്രശ്നങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത്. അതുപോലെത്തന്നെ, 1973 – 74 ൽ വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ ഗുജറാത്ത് മന്ത്രിസഭയെ താഴെയിറക്കുകയും നിയമസഭ പിരിച്ചുവിടാൻ പ്രധാനമന്ത്രിയ്ക്കു മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

1965 ൽ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ ഹിന്ദിയെ ദേശീയ ഭാഷയാക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ നയിച്ചു. അവരുടെ പ്രവർത്തനം ദ്രാവിഡ മുന്നേറ്റ കഴകത്തിന് സർക്കാർ കെട്ടിപ്പടുക്കാൻ സഹായകമായി. എഴുപതുകളിൽ തെലങ്കാന സംസ്ഥാനത്തിനു വേണ്ടി ആന്ധ്രാപ്രദേശിലെ വിദ്യാർത്ഥി പ്രക്ഷോഭക്കാർ വലിയ പ്രതിഷേധം നടത്തി. വിദേശികളെ പുറത്താക്കാനായി ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ, സമരങ്ങൾ നടത്തി.

പക്ഷേ, 1975 – 77 ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയ സമയത്ത് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു. വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു. എന്നാൽ അടിയന്തരാവസ്ഥ പിൻ‌വലിച്ച ഉടൻ തന്നെ കോൺഗ്രസ് സർക്കാരിനെ അതിന്റെ മൂന്നു ദശാബ്ദക്കാലം നീണ്ട ഭരണത്തിൽ നിന്ന് താഴെയിറക്കുന്നതിൽ വിദ്യാർത്ഥി സംഘടനകൾ ഒരു സുപ്രധാന പങ്കു വഹിച്ചു.

1990 ൽ രാജ്യമെങ്ങുമുള്ള വിദ്യാർത്ഥികൾ മണ്ഡൽ കമ്മീഷന് എതിരെ പ്രക്ഷോഭം നടത്തുകയും വി പി സിങ് സർക്കാരിനെ താഴെയിറക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ, ഫീസ് വർദ്ധനവു മുതൽ, സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വരെ പുരോഗമനപരമായ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് വിദ്യാർത്ഥി മുന്നേറ്റം ഉയർച്ച കൈവരിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾക്കുവേണ്ടി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

അതുപോലെത്തന്നെ വിദ്യാർത്ഥി മുന്നേറ്റങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്. പല സമയത്തും വിദ്യാർത്ഥി മുന്നേറ്റങ്ങളെ വിപ്ലവശക്തികൾ ഹൈജാക്ക് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ബംഗാളിലേയും ആന്ധ്രാപ്രദേശിലേയും സർവകലാശാലകൾ നക്സലൈറ്റുകൾക്കുള്ള തിരഞ്ഞെടുപ്പ് കളമായി മാറിയിട്ടുണ്ട്. സമാനരീതിയിൽ, ഉത്തർ പ്രദേശിലേയും ഡൽഹിയിലേയും സർവകലാശാലകൾ തീവ്രഹിന്ദുത്വ വലതുപക്ഷങ്ങളുടെ ഇടമായി പ്രവർത്തിക്കുന്നുണ്ട്.

“വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം വളരെ സങ്കീർണ്ണമായതും ബഹുമുഖ പ്രതിഭാസമായതുമാണ്. അത് വിശദീകരിക്കാൻ പ്രയാസമുള്ളതും, പ്രവചിക്കാൻ കഠിനമായതുമാണ്,” ഫിലിപ്പ് ജി ഓൾട്ട്ബാക്ക് എഴുതി.

പക്ഷേ ചരിത്രം വ്യക്തമായി മനസ്സിലാക്കുകയാണെങ്കിൽ ലോകമാകമാനം, പ്രത്യേകിച്ചും ഇന്ത്യയിൽ വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ താഴെയിറക്കാനും, ശക്തരായ സ്വേച്ഛാധിപതികളെപ്പോലും മുട്ടുകുത്തിക്കാനും കഴിവുള്ളതായിരുന്നു.

ഇപ്പോൾ രാജ്യമാകമാനം നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾ, മോദിയുടേയും ഷായുടേയും സർക്കാരിന് ഉടൻ തന്നെ അടിതെറ്റും എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്. തിരഞ്ഞെടുപ്പിൽ അപമാനകരമായ പരാജയം നേരിടുന്നത് ഒഴിവാക്കണമെങ്കിൽ, അവരുടെ വിവേചനപരമായ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതിനു പകരം വിദ്യാർത്ഥികളെ കേൾക്കാൻ അവർ തയ്യാറായേ തീരൂ.

Courtesy:- madrascourier.com