തിരുവനന്തപുരം :
മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി സഹകരണ നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തയ്യാറെടുക്കുന്നു.
മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജില്ലാബാങ്ക് എന്ന പദവിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകാത്തവിധം സഹകരണനിയമം ഭേദഗതി ചെയ്യാനാണു തീരുമാനം.
ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങള്‍ കേരളബാങ്കിന്റെ അംഗങ്ങളാകും. ജില്ലാ സഹകരണബാങ്കിന് പ്രാഥമിക സഹകരണസംഘങ്ങളെ അംഗങ്ങളാക്കാനാകില്ല.
മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ജില്ലയിലെ പ്രാഥമികസംഘങ്ങളുടെ നിക്ഷേപവും അവര്‍ക്ക് നല്‍കുന്ന വായ്പയുമാണ് ജില്ലാബാങ്കിന്റെ പ്രധാന ഇടപാട്. ഇതു മുടങ്ങുന്നതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഉള്ളതിനാല്‍ അവര്‍ക്ക് സ്വതന്ത്രബാങ്കായി പ്രവര്‍ത്തിക്കാം.
എന്നാല്‍, ജില്ല മുഴുവന്‍ പ്രവര്‍ത്തനപരിധിയുള്ള ബാങ്കായി പ്രവര്‍ത്തിക്കാനുള്ള വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഫലത്തില്‍ സ്വതന്ത്രബാങ്കായി നിലനില്‍ക്കുക ബുദ്ധിമുട്ടാകും. ബാങ്കിങ് ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ അസ്ഥിരമാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ജില്ലാ ബാങ്കിന് കേരള ബാങ്കിന്റെ ഭാഗമാകാനുള്ള അവസരം വീണ്ടും നല്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. മൂന്നുമാസത്തെ സമയം ഇതിന് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.
ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിനോടു ചേര്‍ത്താണ് കേരളബാങ്ക് രൂപവത്കരിക്കുന്നത്. എന്നാല്‍, യു.ഡി.എഫിനു മേല്‍ക്കൈയുളള മലപ്പുറം ജില്ലാസഹകരണ ബാങ്ക് പൊതുയോഗം ഈ തീരുമാനത്തെ എതിര്‍ത്തു. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
സംസ്ഥാനത്തെ സഹകരണ വായ്പാ ഘടന രണ്ടു തട്ടിലേക്കു മാറ്റുന്നതാണ് കേരളബാങ്ക് രൂപവത്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സഹകരണ ബാങ്കും താഴെത്തട്ടില്‍ പ്രാഥമിക സഹകരണ ബാങ്കുകളും എന്നതാണ് ഈ ഘടന. എന്നാല്‍, മലപ്പുറം ജില്ലാബാങ്ക് കേരളബാങ്കിന്റെ ഭാഗമാകാത്തതിനാല്‍ അവിടെ വായ്പാ ഘടന മൂന്നുതട്ടിലായി നില്‍ക്കും. ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
മലപ്പുറം ജില്ലാ ബാങ്കിലെ ജീവനക്കാരും അവരെ കേരളബാങ്കിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്.