Wed. Jan 22nd, 2025
തിരുവനന്തപുരം:

തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.

അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂനിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും.