Mon. Dec 23rd, 2024
ബാഗ്‌ദാദ്:

 

ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ നിലപാട് കൂടുതൽ സംശയിക്കപ്പെടുന്ന സമയത്തും, അതിനെതിരെയുള്ള പ്രതികാരാഹ്വാനം നിലനിൽക്കുമ്പോഴും ടെഹ്‌‌‌റാനിലും ബാഗ്ദാദിലും നടന്ന വിലാപയാത്രയിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു.

കാസിം സുലൈമാനിയുടേയും അദ്ദേഹത്തിന്റെ അനുയായി അബു മെഹ്ദി അൽ മുഹന്ദിസ്സിന്റേയും മൃതദേഹം ഇറാഖ് തലസ്ഥാനത്തിലൂടെ വഹിച്ചുകൊണ്ടുപോകുമ്പോൾ, കൊലയുടെ പര്യവസാനം രക്തച്ചൊരിച്ചിലും അശാന്തിയുമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടായിരിക്കണം.

സുലൈമാനിയുടെ മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഷിയ സൈന്യം ആക്രമിച്ച അമേരിക്കൻ എംബസി കോമ്പൌണ്ടിനടുത്ത്, ബാഗ്ദാദിന്റെ ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ ശനിയാഴ്ച തകർന്നു വീണിരുന്നു.

കൊലപാതകത്തെ ന്യായീകരിക്കാനുള്ള ട്രം‌പിന്റെ തീരുമാനം അമേരിക്കയിലും അതിന്റെ സഖ്യകക്ഷ്യകളിലും വിള്ളലുണ്ടാക്കിയെന്ന് കരുതപ്പെടുന്നു. കാരണം, ഇറാഖിന്റെ നേതാക്കളുടെ അറിവില്ലാതെ നടന്ന ആക്രമണത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇറാഖിന്റെ താത്കാലിക പ്രധാനമന്ത്രിയ്ക്ക് ഫോൺ ചെയ്ത് ഇറാഖിന്റെ പരമാധികാരം നിലനിർത്താനുള്ള പിന്തുണ അറിയിച്ചിരുന്നു.

കാസിം സുലൈമാനിയുടെ മരണം അമേരിക്കയ്ക്ക് ഇറാഖിനോടുണ്ടായിരുന്ന ബന്ധത്തിന്റെ അടിത്തറയിൽ മാറ്റം ഉണ്ടാക്കുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സൌദി അറേബ്യയും, ഖത്തറും, യു എ ഇയും ഇറാഖുമായി ബന്ധപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ ഈ മൂന്നു രാജ്യങ്ങളും ഇറാന്റെ പ്രതികാരനടപടി അനുഭവിക്കേണ്ട പ്രദേശങ്ങളായിട്ട് സ്വയം കരുതുന്നുണ്ട്.

താനെടുത്ത തീരുമാനത്തിൽ സന്തുഷ്ടനായ ട്രം‌പ്, ഇറാൻ തിരിച്ചടി നൽകാൻ ശ്രമിച്ചാൽ, ഇറാന്റെ 52 കേന്ദ്രങ്ങൾ അമേരിക്ക മനസ്സിലാക്കിവെച്ചിട്ടുണ്ടെന്നും വളരെ വേഗത്തിലും വളരെ ശക്തിയിലും അവ ലക്ഷ്യം വയ്ക്കുമെന്നും ട്വീറ്റു ചെയ്തു. സുലൈമാനിയുടെ കൊലയെ മുൻ എം-16 തലവൻ ജോൺ സാവേഴ്സ് ഒരു യുദ്ധനടപടി എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കൻ ആഭ്യന്തരമന്ത്രിയായ മാർക് എസ്പറുമായി സംസാരിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ബെൻ വാലസ് പറഞ്ഞു. “ഈ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാഖ് സർക്കാരിന്റെ ക്ഷണപ്രകാരം അവിടെയുണ്ടായിരുന്ന യുഎസ് സേനയെ ഇറാനിയൻ പിന്തുണയുള്ള സൈന്യം ആവർത്തിച്ച് ആക്രമിച്ചിരുന്നുവെന്നും, പരമാധികാരമുള്ള അയൽ‌രാജ്യങ്ങളെ ദുർബലപ്പെടുത്താനും ഇറാന്റെ ശത്രുക്കളെ ലക്ഷ്യമാക്കാനും ആളുകളെ ഏർപ്പെടുത്താൻ കാസിം സുലൈമാനി താത്പര്യം കാണിച്ചിരുന്നുവെന്നും ബെൻ വാലസ് പറഞ്ഞു.

സുലൈമാനിയെ കൊന്ന ഇറാഖ് ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അമേരിക്കൻ കോൺഗ്രസ്സിന് വൈറ്റ് ഹൌസ് ശനിയാഴ്ച വൈകുന്നേരം കൈമാറിയതായി രണ്ട് മുതിർന്ന കോൺഗ്രസ് അംഗങ്ങൾ ഒരു മാധ്യമത്തിനോടു പറഞ്ഞു. ആക്രമണത്തിനു മുൻ‌കൂറായി കോൺഗ്രസ്സ്സഭയുടെ അനുവാദം വാങ്ങിയില്ലെന്നും, ആക്രമണത്തെക്കുറിച്ച് അറിയിച്ചില്ലെന്നും ഡെമോക്രാറ്റുകൾ ട്രം‌പിനെ വിമർശിച്ചു.

അമേരിക്കൻ നിയമവ്യവസ്ഥ പ്രകാരം, ഭരണവകുപ്പ്, സൈന്യത്തെ സൈനികനടികളിലോ, പെട്ടെന്നുള്ള നടപടികളിലോ ഉൾപ്പെടുത്തുകയാണെങ്കിൽ, 48 മണിക്കൂറിനുള്ളിൽ കോൺഗ്രസ്സിനെ അറിയിച്ചുകൊള്ളണം എന്ന രീതിയിലാണ് വിജ്ഞാപനം അയച്ചിരിക്കുന്നത്.

ഈ നടപടിയെടുത്ത സാഹചര്യത്തെക്കുറിച്ചും, സൈന്യത്തെ വിനിയോഗിച്ചതിനെക്കുറിച്ചും ട്രം‌പ് ഭരണകൂടം വിശദീകരണം നൽകേണ്ടതുണ്ട്. വൈറ്റ്‌ ഹൌസിന്റെ പ്രതികരണം വന്നിട്ടില്ല.

ഇറാനുമായി ശത്രുതയിൽ ഏർപ്പടാൻ ഭരണകൂടം തീരുമാനിച്ചതിന്റെ രീതിയും സമയവും, ന്യായീകരണവും ഗൌരവപരമായ സംശയം ജനിപ്പിക്കുന്നുവെന്ന് സഭയിലെ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഇതിനെക്കുറിച്ചുള്ള വസ്തുതകൾ “വളരെ അസാധാരണം” എന്നു വിശേഷിപ്പിച്ച നാൻസി പെലോസി, ദേശീയസുരക്ഷയെക്കുറിച്ചുള്ള കാര്യത്തിൽ കോൺഗ്രസ്സും അമേരിക്കൻ ജനതയും ഇരുട്ടിലാണെന്നും പറഞ്ഞു.

ബോറിസ് ജോൺസൺ ഈ ആക്രമണത്തെക്കുറിച്ച് ശനിയാഴ്ച രാത്രി വരെ പ്രതികരിച്ചിട്ടില്ല. ജോൺസൺ ഈ നടപടിയെക്കുറിച്ച് മുൻ‌കൂട്ടി അറിഞ്ഞിട്ടില്ലെന്നാണ് അനുമാനിക്കേണ്ടത്.

അമേരിക്കൻ സൈന്യത്തെ ഇറാഖിൽ നിന്നു പിൻ‌വലിച്ചതിനാൽ കുറേക്കാലമായി ഒരു പൊതു നിലപാട് ഇല്ലാത്തതുകൊണ്ട് ഈ ആക്രമണം ബാഗ്ദാദും വാഷിംഗ്‌ടണും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഉണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായി വീണ്ടും പോരാടാനിറങ്ങിയ അമേരിക്കൻ സൈന്യത്തെ ഇറാഖിൽ നിന്ന് തിരിച്ചുപോകാൻ ആവശ്യപ്പെടുമെന്ന് സുലൈമാനിയുടെ വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയ ഇറാഖ് അധികാരികൾ പറഞ്ഞു. അങ്ങനെയാണെങ്കിൽ തീവ്രവാദ ഗ്രൂപ്പിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങളെ അപകടത്തിലാക്കുന്ന ഒരു നീക്കമായി മാറും അത്.

ഇറാഖിന് പൂർണ്ണപരമാധികാരം നേടുന്നതിനായി അമേരിക്കൻ സൈന്യത്തെ ഇറാഖിിൽ നിന്ന് പുറത്താക്കുക എന്നതാണ് മുഹന്ദിസ്സിന്റെ രക്തത്തിന്റെ വിലയ്ക്കു പകരമെന്ന് പോപ്പുലർ മൊബിലൈസേഷൻ യൂണിറ്റിന്റെ ഇപ്പോഴത്തെ നേതാവ് ഹാദി അൽ അമീരി പറഞ്ഞു. ഇറാഖിലെ പ്രധാനമന്ത്രി അഡെൽ അബ്ദുൾ മഹ്ദിയും വിലാപയാത്രയിൽ പങ്കുചേർന്നു.

സുലൈമാനിയുടെ മൃതദേഹം നഗരത്തിന്റെ വടക്കുഭാഗത്തുള്ള കാധിമിയ പള്ളിയിലേക്കും, തുടർന്ന് നജാഫ് നഗരത്തിലെ ഷിയ പള്ളിയിലേക്കും കൊണ്ടുപോയി. പിന്നീട്, ഞായറാഴ്ച തെക്ക് പടിഞ്ഞാറൻ ഇറാനിലെ അഹ്‌വാസിലേക്കു കൊണ്ടുപോയതായി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്തു.

സൈനിക വാദ്യസംഘത്തിന്റെ സംഗീത അകമ്പടിയോടെ ഇറാന്റെ പതാകയ്ക്കുള്ളിൽ പൊതിഞ്ഞ ഒരു മൃതദേഹം വിമാനത്തിൽ നിന്ന് ഇറക്കുന്നതിന്റെ വീഡിയോയും വാർത്ത ഏജൻസി പുറത്തുവിട്ടു.

ആയിരക്കണക്കിനു പേർ, അനുശോചനം അറിയിച്ചുകൊണ്ട്, കറുത്ത വസ്ത്രങ്ങളണിഞ്ഞ് അഹ്‌വാസിൽ മാർച്ച് നടത്തിയത്, ടിവി തത്സമയ സം‌പ്രേഷണം ചെയ്തു.

മൃതദേഹം ആദ്യം ടെഹ്‌റാനിലേക്കും, പിന്നീട് ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ സ്വന്തം നാടായ കെർമാനിലേക്കും കൊണ്ടുപോകുമെന്ന് കരുതപ്പെടുന്നു.

ഇറാന്റെ താത്പര്യങ്ങൾ കർശനസുരക്ഷ, ആസൂത്രണം, ബലപ്രയോഗം എന്നിവയിലൂടെ അടയാളപ്പെടുത്തി ഇറാഖിൽ തന്റെ ദീർഘകാലവും, സ്വാധീനശക്തിയുള്ളതുമായ സാന്നിദ്ധ്യം കാഴ്ച വച്ച സുലൈമാനിയോട് വിശ്വസ്തത പുലർത്തുന്ന ഗ്രൂപ്പുകളുടെ കീഴിലാണ് ബാഗ്ദാദിൽ ഷിയ സൈനിക നേതാക്കളും ഇറാഖിലെ പ്രമുഖ വ്യക്തികളും അണിനിരന്നത്. സുലൈമാനിയേയും മുഹന്ദിസ്സിനേയും ചരിത്ര വീരപുരുഷന്മാരായി കണക്കാക്കിയിരുന്ന ചിലരിൽ നിന്നും പ്രതികാരം ചെയ്യാനുള്ള ആഹ്വാനവും കേൾക്കുന്നുണ്ടായിരുന്നു.

മദ്ധ്യപൂർവേഷ്യയിലെ മറ്റിടങ്ങളിൽ പ്രതികരണങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ബാഷർ അൽ അസദിനെ ജയിപ്പിക്കാൻ സുലൈമാനി നിർണ്ണായക പങ്കുവഹിച്ച വടക്കൻ സിറിയയിൽ ആഘോഷങ്ങളായിരുന്നു. ചില ടൌണുകളിൽ മധുരവിതരണവും ഉണ്ടായിരുന്നു.

“ഈ ജനറൽ ഒരു പിശാചായിരുന്നു. അയാളുടെ പാരമ്പര്യം രക്തത്തിൽ അടയാളപ്പെടുത്തും,” മാരാത് അൽ ന്യൂമൻ ടൌണിലെ സോബിഹ് മുസ്തഫ പറഞ്ഞു.

നാലുദിവസത്തെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുമ്പോഴും, ആസന്നമായ ആക്രമണം എന്ന് അമേരിക്ക വിശേഷിപ്പിച്ച, സുലൈമാനിയുടെ കൊല, ചിലയിടങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

രണ്ട് ശത്രുരാജ്യങ്ങൾക്കും ഇടനിലക്കാരായി പ്രവർത്തിക്കുന്ന സ്വിസ് എംബസി വഴി അമേരിക്ക, ടെഹ്‌റാനിലേക്ക് സുലൈമാനിയുടെ കൊലപാതകത്തിന് “ആനുപാതികമായ പ്രതികരണം“ ആവശ്യപ്പെട്ട് ഒരു കുറിപ്പ് കൊടുത്തയച്ചിട്ടുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു.

“ഇറാനിൽ, അമേരിക്കയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സ്വിസ്സുകാർ അമേരിക്കക്കാരുടെ ഒരു വിവേകശൂന്യമായ സന്ദേശം കൊണ്ടുവന്നു. അതിന് തക്കതായ പ്രതികരണം ലഭിച്ചു,” വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ടിവിയിൽ പറഞ്ഞു. “അമേരിക്കക്കാർ തെറ്റായ ഒരു നീക്കം നടത്തി. ഇപ്പോൾ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയാണ്.”

“അമേരിക്ക ഇന്നു രാവിലെ ഇത്തരം നയതന്ത്ര മാർഗ്ഗങ്ങളാണ് അവലബിച്ചത്. എന്നിട്ട് നിങ്ങൾക്ക് പ്രതികാരം ചെയ്യണമെങ്കിൽ ഞങ്ങൾ ചെയ്തതിന് ആനുപാതികമായിട്ട് ചെയ്യണമെന്ന് ഞങ്ങളോടു പറഞ്ഞു.” ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ഫഡ്‌വി പറഞ്ഞു.

“പക്ഷേ ഞങ്ങൾക്കുവേണ്ടി അവർ ഒന്നും തീരുമാനിക്കേണ്ട. അത് ഏറ്റവും ഉചിതമായ സമയത്ത് കഴിയാവുന്നത്ര നല്ല രീതിയിൽ നടക്കും.” ഫഡ്‌വി പറഞ്ഞതായി ഇറാനിയൻ – ഇംഗ്ലീഷ് മാധ്യമം ഇറാൻ ഫ്രന്റ് പേജ് റിപ്പോർട്ടു ചെയ്തു.

“അമേരിക്കക്കാർ ഈ പ്രദേശത്ത് ഉണ്ടാവില്ലെന്ന് നമുക്ക് താമസിയാതെ കാണാം.” അദ്ദേഹം പറഞ്ഞു.

കടപ്പാട്: theguardian.com