Mon. Dec 23rd, 2024
കോഴിക്കോട്:

കുട്ടികളില്‍ ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ വെച്ചായിരുന്നു ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപാടുകളും അഭിപ്രായങ്ങളും നേരിട്ട് അറിയുന്നതിനായി യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ നേതാക്കളുമായി സംഘടിപ്പിച്ച സംവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

കോളേജ് യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം, ലൈംഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്, ക്യാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം എന്നീ വിഷയങ്ങളെക്കുറിച്ചും കോണ്‍ക്ലേവില്‍ ചര്‍ച്ച നടന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആരെയും തോല്‍പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്റേണല്‍ മാര്‍ക്ക് സംവിധാനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞു.

പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍, 24 മണിക്കൂര്‍ ലൈബ്രറികള്‍ തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നോട്ട് വെച്ചു.