Mon. Dec 23rd, 2024
തിരുവനന്തപുരം:

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ്. ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും സംസ്ഥാനത്തു പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.

ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ.സി.മമ്മദ് കോയ എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.