Wed. Jan 22nd, 2025
കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ അതില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നവരുമുണ്ട്. ‘മതം മാറി ക്രസ്ത്യാനി ആയ രശ്മിത ബിജു ജോസഫ്, ഷാനി ജോസ് പ്രഭാകരന്‍, സിന്ധു സൂര്യകുമാര്‍ എന്ന ഫാത്തിമ, റീമ കല്ലിങ്ങല്‍ എന്ന മുസ്ലിം. ഇവര്‍ ഹിന്ദുപേരിട്ടു വലിയൊരു പൊട്ടും തൊട്ട് ടിവിയില്‍ കാണുമ്പോള്‍ ഇനിയും ഓര്‍ക്കുക ഇവര്‍ ഹിന്ദുക്കള്‍ അല്ല എന്ന്.’ സുനില്‍ ഈറം എന്ന വ്യക്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യ്ത വിവാദപരമായ ഒരു പോസ്റ്റാണിത്. വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലാതെ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണ്?.

രാജ്യത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഹിന്ദുക്കള്‍ക്കു മാത്രമേ അവകാശമുളളു എന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുളളത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്നിരിക്കെ അതില്‍ മതത്തിന്റെ വിത്തെറിഞ്ഞ് വര്‍ഗീയത മുളപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറഞ്ഞപക്ഷം സ്വന്തം രാജ്യത്തോട് കൂറ് പുലര്‍ത്തുന്നവരെങ്കിലുമാകണം.

നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുടെ വാദങ്ങളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയ വ്യക്തിയാണ് രശ്മിത രാമചന്ദ്രന്‍ . കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രനെ ഉത്തരം മുട്ടിച്ചതോടെയാണ് രശ്മിത സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായത്. പൊളളയായ വാദമുഖങ്ങളെ എതിര്‍ക്കുന്നതുകൊണ്ടാണോ അവര്‍ ശത്രു പക്ഷത്തായത്. ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതിന്റെ പേരിലാണോ നടി റീമാകലിങ്ങല്‍ അയോഗ്യയായത്. നടി മതം മാറിയെന്ന് സുനില്‍ തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ താന്‍ മതം മാറിയിട്ടില്ലായെന്നും തന്നെ അതിന് ആരും നിര്‍ബന്ധിച്ചിട്ടില്ലായെന്നും നടി തന്നെ വ്യക്തമാക്കുന്നു.

ഷാനി പ്രഭാകറും സിന്ധു സൂര്യകുമാറും തങ്ങളുടെ മാധ്യമധര്‍മ്മവും സ്വന്തം രാജ്യത്തോടുളള കടമയും നിറവേറ്റുമ്പോള്‍ അത് തെറ്റായി ചിത്രീകരിയ്ക്കപ്പെടുന്നത് നെറ്റിയില്‍ തൊട്ട ഒരു പൊട്ടിന്റെ പേരിലാണോ എന്ന ചോദ്യമാണ് സുനില്‍ ഈറത്തിനു നേരെ ഉയരുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി എന്തും പ്രചരിപ്പിക്കാം എന്നുളള ധാരണ തെറ്റല്ലേ. ഒരു പൊട്ടിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ അളക്കാനുളളതല്ല രാജ്യത്തോടുളള കടമ. തെളിവുകളില്ലാത്ത അരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കണ്ണടച്ചു വിശ്വസിക്കാന്‍ പൊതു ജനം കഴുതകളല്ലായെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ നല്ലത്.