Thu. Mar 28th, 2024
റിയാദ്:

സൗദി അറേബ്യയുമായി അമേരിക്ക ആശയ വിനിമയം നടത്തി.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായാണ് യു എസ് അധികൃതര്‍ ചര്‍ച്ച നടത്തിയത്. ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മേഖലയിലെ ഏറ്റവും വലിയ ആയുധ രാജ്യവുമായ സൗദി അറേബ്യയുമായി അമേരിക്ക ആശയ വിനിമയം നടത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, കിരീടാവകാശിയുമായി ടെലഫോണില്‍ ബന്ധപ്പെട്ട് അമേരിക്കയുമായി ഉറച്ച പിന്തുണയ്ക്കും ഇറാന്റെ ഖുദ്സ് സേനയുടെ ആക്രമണാത്മക ഭീഷണികള്‍ തിരിച്ചറിഞ്ഞതിനും യു എസ് നന്ദി അറിയിക്കുന്നതായി സംഭാഷണത്തില്‍ വ്യക്തമാക്കി.

സംഘര്‍ഷം കുറയ്ക്കുന്നതിനാവശ്യമായ നടപടികളാണ് ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഇറാഖിലെ സംഭവങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആത്മസംയമനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നുവെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ സംഭവങ്ങളെ സൗദി അറേബ്യ നിരീക്ഷിക്കുകയാണ്, സംഘര്‍ഷങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും രൂക്ഷമാക്കിയതിന്റെ ഫലമാണ് നടന്നതെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലും കിരീടാവകാശി മേഖലയിലെ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഘര്‍ഷം കുറക്കുന്നതിന് വേണ്ട നടപടികള്‍ സൗദി കിരീടാവകാശി ഊന്നി പറഞ്ഞിട്ടുണ്ട്.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സ്വാലിഹുമായും മേഖലയിലെ സമാധാന പൂര്‍ണ്ണമായ സമാധാന നീക്കത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാന്‍ നീങ്ങിയാല്‍ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളില്‍ കര കയറാന്‍ സാധിക്കാത്ത തരത്തില്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാള്‍ ട്രംപ് ഭീഷണി മുഴക്കി.

ഇത് വളരെ വ്യക്തമായി പറയുകയാണ് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. 52 ഇറാന്‍ കേന്ദ്രങ്ങളെ തങ്ങള്‍ ലക്ഷ്യമാക്കുന്നു. അത് ഇറാന്റെ തന്ത്രപ്രധാനവും പരമ പ്രധാനവുമായ സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്ന മേഖലകള്‍ ആയിരിക്കും. ഇത് ഇറാനെ മൊത്തത്തില്‍ അതി കഠിനമായി ബാധിക്കുന്നതും വളരെ വേഗത്തിലുമായിരിക്കും. ട്രംപ് വ്യക്തമാക്കി. 1979 ല്‍ ടെഹ്റാനിലെ യുഎസ് എംബസിയില്‍ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാന്‍ ബന്ദികളാക്കിയിരുന്നു. ഇതാണ് 52 എന്ന കണക്ക് ട്രംപ് ഉയര്‍ത്തി ഭീഷണി മുഴക്കി രംഗത്തെത്താന്‍ കാരണം.

മേഖലയിലെ സംഘര്‍ഷത്തിന് കുറവുണ്ടാവില്ലെന്ന സൂചനയാണ് ഇതിലൂടെ ട്രംപ് നല്‍കുന്നത്. അതേസമയം, മിലിറ്ററി കേന്ദ്രങ്ങള്‍ക്ക് പകരം സാംസ്‌ക്കാരിക നിലയങ്ങള്‍ അക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഏറെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.