Sun. Dec 22nd, 2024
#ദിനസരികള്‍ 991

(എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം)

ചോരയും കണ്ണുനീരും കഷ്ടപ്പാടുകളും സാഹസികതകളും നിറഞ്ഞ 1857 ലെ വിപ്ലവത്തെക്കുറിച്ച് ഒരിന്ത്യക്കാരനും അത്ര എളുപ്പത്തില്‍ ഒന്നുംതന്നെ എഴുതാനാകില്ല. വൈകാരികതയിലേക്ക് ചെന്നു തൊട്ടുനില്ക്കാതെ സ്വാതന്ത്ര്യം നേടുന്നതുവരെ അതിനെക്കുറിച്ച് ആരും എഴുതിയിട്ടുമില്ല.

’1857’ എന്ന് കേള്‍ക്കുന്നതുതന്നെ ഒരിന്ത്യക്കാരന്റെ മനസ്സില്‍ കനലു വിരിക്കും, തീപ്പൊരികള്‍ ചിതറിക്കും. അത്ര സുരക്ഷിതമല്ലെന്ന് അറിയാവുന്നതുകൊണ്ട് നമ്മുടെ ജനം അതിനെക്കുറിച്ച് സംസാരിക്കുകയില്ല. എന്നാല്‍ അവരുടെ ഉള്ളില്‍ എത്ര കല്പം കഴിഞ്ഞാലും അടര്‍ന്നു പോകാത്ത ശിലാസ്തൂപം പോലെ ആ പോരാട്ടം അടയാളപ്പെട്ടു കിടക്കും.

മുന്നേറ്റത്തെക്കുറിച്ച് എഴുതുവാന്‍ ഒരിക്കല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് ഒരു സുവിശേഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ കുട്ടികള്‍ ഒന്നുമെഴുതാത്ത കടലാസുകളാണ് അയച്ചു കൊടുത്തത്. ഇത് നിശബ്ദമായ ഐകകണ്ഠേനയുള്ള പ്രതിഷേധപ്രകടനമായിരുന്നു.

ബ്രിട്ടീഷുകാര്‍ ആ ‘കലാപ’ത്തെക്കുറിച്ച് ആരചിച്ചുവെച്ചിരിക്കുന്ന നൂറുകണക്കായ രേഖകളെ നാം തള്ളിമാറ്റി. നമ്മുടെ മനസ്സില്‍ അത് പ്രതികാരം ചെയ്യപ്പെടാതെ അവശേഷിക്കുന്ന ഒരു അസ്വസ്ഥതയായി നീറി നിന്നു.

1857 നെ വസ്തുതാപരമായി അവതരിപ്പിക്കാന്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരനും നാളിതുവരെ കഴിഞ്ഞിട്ടില്ല. അയാള്‍ക്ക് സ്വാഭിപ്രായങ്ങളെ സ്ഥാപിച്ചെടുക്കാന്‍ പര്യാപ്തമായ ധാരാളം രേഖകളുണ്ട്. ഇന്ത്യക്കാര്‍ യുദ്ധത്തില്‍ തോല്ക്കുകയും അവരുടെ പോരാളികള്‍ തന്നെ ആ രേഖകളെല്ലാം നശിപ്പിക്കുയും ചെയ്തുവെന്നും വാദിക്കപ്പെടുന്നു. രക്തസാക്ഷിത്വം വരിച്ച ഒരു സ്വാതന്ത്ര്യസമരപോരാളിയേയും കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരവസരം പോലും ബ്രിട്ടീഷുകാര്‍ പാഴാക്കുകയില്ല.

അശോക് മേത്ത എഴുതിയ 1857 ലെ വിപ്ലവം എന്ന പുസ്തകത്തില്‍ നിന്നും ഉള്ളതാണ് മേലുദ്ധരിച്ച വരികള്‍. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു ദശാസന്ധിയായി 1857 നെ പരിഗണിക്കപ്പെടുന്നു. 1857 ഇന്ത്യക്കാരും യൂറോപ്യരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലും വിടവുകളുണ്ടായി. പണ്ഡിതോചിതമായ വിധത്തില്‍ അശോക് മേത്ത എഴുതുന്നു:-

“കലാപം ആരംഭിച്ചപ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും ധാരാളമായി അതില്‍ പങ്കാളികളായി. അത് ഏതെങ്കിലും ഒരു സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. എന്നാല്‍ ചരിത്രപരവും ആശയപരവുമായ കാരണങ്ങളാല്‍ മുസ്ലിംവിശ്വാസികള്‍ ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ ശക്തമായി ബ്രിട്ടീഷു വിരുദ്ധത നെഞ്ചേറ്റിപ്പോന്നു.

ഷാ വലിയുള്ളയുടെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായി വിദേശശക്തികള്‍‌ക്കെതിരെയുള്ള മുന്നേറ്റത്തെ രാജ്യതാല്പര്യപ്രകാരമുള്ള ഒന്നായി മാത്രമല്ല, മതപരമായ കടമയായിക്കൂടി അവര്‍ പരിഗണിച്ചു. അതുകൊണ്ട് സംഗ്രാമോത്സുകനായ മുസ്ലിമിനെ ബ്രിട്ടീഷുകാര്‍ ഹിന്ദുവിനെക്കാള്‍ കൂടുതലായി ഭയപ്പെട്ടു.

അതുകൊണ്ടുതന്നെ പ്രതികാരത്തിന്റെ കനം കൂടുതലായി അനുഭവിച്ചത് മുസ്ലിങ്ങളായിരുന്നു. അവര്‍ ഭീകരവാദികളായി മുദ്രകുത്തപ്പെട്ടു. അവരുടെ നേതൃത്വത്തിലെ നിര്‍ണായക വ്യക്തികള്‍ കൊലമരത്തിലൊടുങ്ങുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. മുസ്ലിംസ്വത്തുക്കള്‍ കണ്ടുകെട്ടി.

ബ്രിട്ടീഷുകാരന്‍ ഡെല്‍ഹി വീണ്ടെടുത്തതിനു ശേഷം ഹിന്ദുക്കളെ സ്വസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചെങ്കിലും മുസ്ലിംങ്ങള്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയുന്നത് 1859 ല്‍ മാത്രമാണ്. മുസ്ലിംങ്ങള്‍ സ്വത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം പിഴയൊടുക്കേണ്ടിവന്നപ്പോള്‍ ഹിന്ദുക്കള്‍ക്ക് പത്തുശതമാനം മാത്രമാണ് ചുമത്തിയത്.”

(തുടരും )

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.