കൊച്ചി:
ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. അതിന്റെ ക്രെഡിറ്റ് പങ്കുവയ്ക്കാൻ സിപിഐ തയാറല്ലെന്നാണ് മുഖ്യമന്ത്രിക്ക് മറുപടിയായി കാനം പറഞ്ഞത്. കേരളത്തിൽ എല്ലാവർക്കും ഇതറിയാം. അല്ലാത്തവർ ചരിത്രം വായിച്ചു പഠിക്കണം.
ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ടു മറയ്ക്കാൻ ശ്രമിക്കരുതെന്നും കാനം പറഞ്ഞു. ഭൂപരിഷ്കരണത്തിന്റെ സുവർണ ജൂബിലി ചടങ്ങിൽ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് മനഃപൂർവമാണെന്ന് സിപിഐ ആരോപണം ഉന്നയിച്ചിരുന്നു.