Wed. Jan 22nd, 2025

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്.

പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ഓരോ തീവണ്ടിയാത്രയും. സീസണ്‍ ടിക്കറ്റുകാര്‍ ചിലപ്പോള്‍ പരിചയത്തില്‍ ആയി വരുന്നുണ്ട്. എന്നാലും അതിപരിചയത്തിലേക്ക് വീഴാതിരിക്കാനുള്ള സൂക്ഷ്മതയും ശ്രദ്ധയുമുണ്ട്.

എന്തിനാണീ അതിസൂക്ഷ്മതയും ശ്രദ്ധയും എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. പെട്ടെന്ന് ചങ്ങാത്തത്തിലാവുകയും ഏറെ വര്‍ത്തമാനം പറയുകയും ചെയ്യുന്ന പഴയൊരെന്റെ നിഴല്‍ പോലും ബാക്കിയില്ല.

ഇതിനിടയ്ക്ക് പഴയ ചില പരിചയക്കാര്‍ യാത്രയില്‍ വന്നു വീഴും. ഏതോ ഒരു കാലത്ത്, അര്‍ദ്ധവിരാമിട്ടു പോയിടത്തു നിന്ന് അവര്‍ ബാക്കി തുടങ്ങും.
പൂരിപ്പിക്കേണ്ട വിശേഷങ്ങളുടെ കെട്ടുകള്‍ അഴിയും.

സത്യത്തില്‍ അങ്ങിനെ ആരും വന്നു പെടരുത് എന്നാണ് ആഗ്രഹിക്കാറ്. എവിടെ പോകുന്നു എന്ന് തുടങ്ങുന്ന ചോദ്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസമില്ലായ്മ. വിസ്താരഭയം .

കാലവും മനുഷ്യരും ഇപ്പോഴിപ്പോള്‍ വല്ലാതെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ട്. ഏത് കാലത്തിലെന്നോ ഏതു തരം മനുഷ്യരാണ് ചുറ്റുമെന്നോ തിരിച്ചറിയാന്‍ പറ്റുന്നേയില്ല.

തീവണ്ടി പാലക്കാട് എത്താറാകെ വേഷ്ടിയും മുണ്ടുമണിഞ്ഞ കുറച്ച് സ്ത്രീകള്‍ അരികെ കടന്നു പോയി. ഓറഞ്ചു കരയുള്ള മുണ്ടും വേഷ്ടിയുമണിഞ്ഞ സ്ത്രീയെ ഒന്ന് കൂടി നോക്കിയപ്പോള്‍ മനസ്സിലായി-ബീനചേച്ചിയാണ്. പപ്പയുടെ നാട്ടുകാരിയായ ശ്രീദേവി വല്യമ്മയുടെ മകള്‍.

നാട് വിട്ട് പാലക്കാട് താമസമായപ്പോള്‍ അവരെ ഇടയ്ക്കിടെ നാടിന്റെ കാണാച്ചരട് കോര്‍ക്കുമായിരുന്നു. വിളിക്കണോ വേണ്ടയോ എന്നാലോചിക്കുമ്പോഴേക്കും ബീനച്ചേച്ചി കടന്നു പോയിരുന്നു. ഇറങ്ങി മേല്‍പ്പാലത്തിലേക്കുള്ള ചവിട്ടു പടിയില്‍ എത്തുമ്പോഴേക്കും ഞാന്‍ ബീനചേച്ചിക്ക് ഒപ്പം എത്തിയിരുന്നു.

‘ചേച്ചി, എവിടെപ്പോയി വരുന്നു’ ഉപചാരത്തോടെ അതേ ചോദ്യം ഞാനും ചോദിച്ചു.

‘തൃശൂര് , അമ്പലത്തില്’

‘എന്തേ, വിശേഷം വല്ലതുംണ്ടോ?’

‘ദേവീ മാഹാത്മ്യം വായനയുണ്ട്, വെള്ളിയാഴ്ചകളില്‍..അതിന് പോയതാ’

‘ചേച്ചിക്കും ആത്മീയതയോ?’

‘കുട്ടികളൊക്കെ വലുതായി. അവരവരുടെ വഴിക്കായി. ഇനിയിപ്പോ എനിക്ക് മറ്റെന്താണ്?’

ചുണ്ണാമ്പുത്തറ സ്റ്റോപ്പില്‍ നിന്ന് മലമ്പുഴ ബസ്സില്‍ കേറുമ്പോഴോ ടൗണിലോ വലിയങ്ങാടിയിലോ ഒക്കെ പെടുമ്പോഴോ പൊടുന്നനെ അവതരിച്ചിരുന്ന ബീനചേച്ചിയെ ഓര്‍ത്തു.

‘എന്താടീ ..വീട്ടിലേക്ക് വന്നൂടെ’ എന്ന അധികാരത്തോടെയുള്ള പറച്ചില്‍ ഓര്‍ത്തു. കടും നിറത്തിലുള്ള സാരികളും നെറ്റി മുതല്‍ നിറുക വരെ പടര്‍ന്നു തൂവിയ സിന്ദൂരവും മഷി പടര്‍ന്ന കണ്ണുകളും ഓര്‍ത്തു. ഇപ്പോഴതിന്റെ വിദൂരഛായയെ ഉള്ളൂ

ആത്മീയതയുടെ അടരുകള്‍ ശരീരത്തില്‍ നിന്ന് മനസ്സിലേക്കാണോ മനസ്സില്‍ നിന്ന് ശരീരത്തിലേക്കാണോ പ്രവഹിക്കുക? അറിയില്ല. മനുഷ്യമനസ്സിന് താങ്ങായി നില്‍ക്കാന്‍ എപ്പോഴും എന്തെങ്കിലുമൊന്ന് വേണമായിരിക്കും. അല്ലെങ്കില്‍ എനിക്കറിയാത്ത എത്രായിരം കാര്യങ്ങള്‍ ഉണ്ടാവുമീ ലോകത്ത്?

ബീനച്ചേച്ചി ധൃതിയില്‍ മുന്‍പേ നടന്നു.

അതെ. അവരെനിക്ക് മുമ്പേ നടക്കുകയാണ്.

റെജീന നൂർജഹാൻ

ബിസിനസ് അനലിസ്റ്റ്, ഫ്രീലാൻസ് ജേർണലിസ്റ്റ് എന്നീ മേഖലകളിൽ ജോലി ചെയ്തു.
ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ നിയമപഠനം നടത്തുന്നു. ഓൺലൈൻ മാധ്യമരംഗത്ത് സജീവ സാന്നിധ്യം