ന്യൂഡല്‍ഹി:
ഫെബ്രുവരി ഒന്നിനു രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പുത്തൻ സാമ്പത്തിക തന്ത്രങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നു ഉണ്ടാകുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോര്‍പ്പറേറ്റ് ടാക്സ് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നുള്ളതാണ് പിന്നീടുള്ള ഫലം.
കഴിഞ്ഞ കൊല്ലം രാജ്യത്തെ മൊത്ത വരുമാനം ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരുന്നു. ഇതു കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴില്ലായ്മ പ്രതിസന്ധിയിലെത്തിച്ചു. ഇതോടെ ധനക്കമ്മി 1.45 ലക്ഷം കോടിയായി ഉയര്‍ന്നു.
വികസന സൗഹൃദം ഭാവി കേന്ദ്രീകൃതം എന്ന ആശയം മുന്‍നിര്‍ത്തി അവതരിപ്പിച്ച ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 10 മുതല്‍ 25.17 ശതമാനം വരെയാണ് കുറച്ചത്. നിലവിലുള്ള കമ്പനികള്‍ക്ക് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമായും 2019 ഒക്ടോബര്‍ ഒന്നിനും 2023 മാര്‍ച്ച് 31 മുൻപ് ആരംഭിക്കാനിരിക്കുന്ന ഉല്പന്ന നിര്‍മാണ കമ്പനികള്‍ക്ക് 25ല്‍നിന്ന് 15 ശതമാനമായും നികുതി ഇളവ് പ്രഖ്യാപിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നികുതി ഇളവുകളും പ്രഖ്യാപിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
അതേസമയം, 2-5 കോടി വരുമാനമുള്ള വ്യക്തികളുടെ ആദായ നികുതി 35.88 ശതമാനത്തില്‍നിന്ന് 39 ശതമാനമായി ഉയര്‍ത്തിയത് തിരിച്ചടിയായി. അഞ്ചു കോടിക്കു മുകളിലുള്ളവര്‍ക്ക് നികുതി 42.7 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. അതേസമയം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചുമത്തിയിരുന്ന എയ്ഞ്ചല്‍ നികുതി പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ വ്യത്യസ്ത മേഖലകളായ റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി വാഹനം, ഹോട്ടല്‍ വ്യവസായം, ഡയമണ്ട് നിര്‍മാണം, ഔട്ട്ഡോര്‍ കേറ്ററിങ് തുടങ്ങിയക്ക് ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലംകണ്ടിട്ടില്ല.
കഴിഞ്ഞ വർഷം പലരീതിയിലുള്ള പദ്ധതികൾ കൊണ്ട് വന്നെങ്കിലും കാര്യമായി വിജയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധനമന്ത്രിയുടെ പുതിയ ആശയങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് വ്യാവസായിക ലോകം.