Wed. Jan 22nd, 2025
മനാമ:

‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്
ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം ആഹ്വാനം ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുളള അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ രാഷ്ട്രനേതാക്കള്‍ അഭിമാനത്തോടെ വിവരിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉടന്‍ റദ്ദ് ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.

ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒഐസിസി, കെഎംസിസി, പ്രതിഭ, കെസിഎ, സമസ്ത, ഐസിഎഫ്, ഫ്രന്റ്‌സ് അസോസിയേഷന്‍, പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഐവൈസിസി, മാറ്റ്, ആപ്പ്, നവകേരള, സോഷ്യല്‍ വെല്‍ഫെയര്‍, യൂത്ത് ഇന്ത്യ, അല്‍ ഹിദായ, മലയാളി ബിസിനസ് ഫോറം, ഇന്ത്യന്‍ സലഫി സെന്റര്‍(റിഫ), കെഎൻഎം ബഹ്റൈൻ തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള നിവേദനത്തിന്റെ ഒപ്പു ശേഖരണവും നടന്നു.

ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച സംഗമം ജാതി-മത-ഭാഷ ഭേദമന്യേ മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലി. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരെ മതം നോക്കി തരം തിരിച്ച് ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററും (എന്‍എര്‍സി) നവീകരിച്ച ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍പിആർ) പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ സംഗമം ആവശ്യപ്പെട്ടു.

കുട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെയും ബഹ്റൈന്റെയും ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ സ്വാഗതം പറഞ്ഞു. ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ ട്രഷറര്‍ മഹേഷ് മൊറാഴ പ്രമേയം അവതരിപ്പിച്ചു.

ഇ എ സലീം, നിസാര്‍ കൊല്ലം, എം സി അബ്ദുല്‍ കരീം, യൂനുസ് സലീം എന്നിവര്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ജമാല്‍ ഇരിങ്ങല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയും മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കരയും നടത്തിയ കവിതാലാപനവും അൻവർ വടകരയുടെ ഗാനവും ചടങ്ങിന് മിഴിവേകി.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍, കേരളീയ സമാജം ജനറൽ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, എബ്രഹാം ജോണ്‍, ഷെമിലി പി ജോണ്‍, രാജു കല്ലുംപുറം, രാജന്‍ പയ്യോളി, കെ ടി സലീം, പങ്കജ് നാഭന്‍, റഫീഖ് അബ്ദുല്ല, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സംഗമത്തിന് എത്തിച്ചേർന്ന എല്ലാവർക്കും അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.