Mon. Nov 25th, 2024
കൊൽക്കത്ത:

 
ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.

ഇന്ത്യൻ പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് സമിതി അനുമതി നല്‍കിയിരിക്കുന്നത്. സമയപരിധി മൂലം ചില ടാബ്ലോകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.

മമത ബാനര്‍ജിയും മോദി സര്‍ക്കാരും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടത്തി വരുന്നത്.

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നു ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയത് മമതയും കേന്ദ്രവും തമ്മിൽ കൂടുതൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.