Sat. Jan 18th, 2025
രാജസ്ഥാന്‍:

കുരുന്നു ജീവനുകളുടെ ശവക്കോട്ടയായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ കോട്ട ആശുപത്രി. ജീവന്‍ രക്ഷിക്കണ്ടവര്‍ തന്നെ ഘാതകരായി മാറുന്ന സ്ഥിതി വിശേഷമാണ് ഇവിടെ. ഒരു മാസത്തിനിടെ ഇവിടെ പൊലിഞ്ഞത് 77 കുരുന്നു ജീവനുകള്‍. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു.

ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

എന്നാല്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് സമ്മതിച്ചായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. ആശുപത്രിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓക്‌സിജന്‍ ട്യൂബുകളുടെ കുറവുണ്ടെന്നും ആശുപത്രി സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പ് സെക്രട്ടറി വൈഭവ് ഗാല്‍റിയ വ്യക്തമാക്കി.

കോട്ടയിലെ കുട്ടികള്‍ക്കായുള്ള വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് ജെ.കെ ലോണ്‍. 200 മുതല്‍ 300 കുട്ടികളാണ് ഈ ആശുപത്രിയിലെ ഒ.പിയില്‍ ദിനംപ്രതി എത്തുന്നത്. ദിവസേന 30 മുതല്‍ 40 കുട്ടികളെ വരെ ഇവിടെ അഡ്മിറ്റ് ചെയ്യുന്നുമുണ്ട്.