തിരുവനന്തപുരം:
വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു വിടുക, വാളയാർ കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദലിത് ആദിവാസി സ്ത്രീ പൌരാവകാശ കൂട്ടായ്മ നിയമസഭാമാർച്ച് സംഘടിപ്പിക്കുന്നു.
അവരുടെ അറിയിപ്പ്:-
സുഹൃത്തേ, വാളയാറില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ബാലികമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും, ജൂഡീഷ്യല്‍ അന്വേഷണം നടത്തി കൈ കഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്നറിയാവുന്ന ഡിവൈഎസ്‌പി സോജനെതിരെ ഇതു വരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. മാത്രമല്ല, കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ മാറ്റാന്‍ തയ്യാറല്ല എന്നാണ് ഏറ്റുമാനൂര്‍ എംആര്‍എസ്സില്‍ നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
വാളയാറിലെ കേസന്വേഷണം അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാനും, വാളയാര്‍ കേസില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐക്ക് വിടാനും ദലിത്-ആദിവാസി-സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 2020 ജനുവരി 3 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ മാര്‍ച്ചില്‍ താങ്കള്‍/താങ്കളുടെ സംഘടനയുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ കാലത്ത് 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഘാടകസമിതിക്ക് വേണ്ടി, എം ഗീതാനന്ദന്‍, ചെയര്‍മാന്‍ (9746361106) സി എസ് മുരളി, ജന. കണ്‍വീനര്‍ (7902819896).