Wed. Nov 6th, 2024
ന്യൂഡല്‍ഹി:

 
രാജ്യത്തിന്റെ സുരക്ഷയ്ക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്. പ്രഥമ സംയുക്ത സേന മേധാവി എന്ന പദവി ഏറെ ഉത്തരവാദിത്തങ്ങളുള്ളതാണെന്നും, രാജ്യത്തിന്റെ ഭാവിക്കായി തന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഡല്‍ഹിയിലെ നാഷനല്‍ വാര്‍ മെമ്മോറിയലില്‍ പ്രണാമമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ചയാണ് ജനറല്‍ ബിപിന്‍ റാവത്തിനെ പ്രഥമ സംയുക്ത സേനാ മേധാവിയാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
അദ്ദേഹം കരസേനാ മേധാവി പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മൂന്ന് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധ മന്ത്രിയെ ഉപദേശിക്കുകയാണ് സംയുക്ത സേനാ മേധാവിയുടെ ദൗത്യം. സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍ലിലും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ ഡിഫന്‍സ് പ്ലാനിങ് കമ്മിറ്റിയിലും സംയുക്ത സേനാ മേധാവി അംഗമായിരിക്കും. 1999ലെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയാണ് സംയുക്ത സേനാ മേധാവി ആവശ്യമാണെന്ന് ആദ്യം നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ നിയമനം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. അധികം വൈകാതെയാണ് ബിപിന്‍ റാവത്തിനെ നിയമിച്ചിരിക്കുന്നത്.

കരസേന മേധാവിയെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്, രാജ്യത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ലഫ്. ജനറല്‍ എം എം നരവനാണ് പുതിയ കരസേന മേധാവിയായി ചുമതലയേല്‍ക്കുന്നത്.

കരസേന മേധാവി പദവിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ജനറല്‍ ബിപിന്‍ റാവത്ത് ഇന്നുതന്നെ സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കും.
സൈനിക മേധാവിയുടെ വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 65 ആയി ഉയര്‍ത്തിയാണ് റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചത്. ഇതുവഴി അദ്ദേഹത്തിന് 2023 വരെ പദവി വഹിക്കാം. മൂന്നു സേനാവിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന ഏകോപിത കേന്ദ്രമെന്ന നിലയില്‍ സംയുക്ത സേന മേധാവിയും (സിഡിഎസ്) ഓഫിസും പ്രവര്‍ത്തിക്കും