Thu. Apr 25th, 2024
ന്യൂഡല്‍ഹി:

 

മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും. ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.

പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്. മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം.

കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും.

ആനുകൂല്യം, മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എഎവൈ (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രം. മുന്‍ഗണനേതര വിഭാഗം (വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാര്‍ഡ്) എന്നിവര്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍നിന്ന് മാത്രമേ സാധനങ്ങള്‍ ലഭിക്കൂ.

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുക. ഇതുവഴി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ജോലിയ്ക്കു പോയവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറിയവര്‍ക്കും രണ്ടു സംസ്ഥാനങ്ങളിലെ അതിര്‍ത്തി പങ്കിടുന്നവര്‍ക്കും നേട്ടമുണ്ടാകും.