Mon. Dec 23rd, 2024
ലഖ്നൗ:

യുപി പോലീസ് തന്നെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രിയങ്ക ഗാന്ധി ഉന്നയിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പോലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു.

മനഃപൂര്‍വ്വം പോലീസ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രിയങ്കയുടെ വാക്കുകളിലെ സൂചന. പോലീസ് തന്നെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തിലാണ് താന്‍ പോയതെന്നും, പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വളയുകയായിരുന്നു എന്നും പ്രിയങ്ക. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് തന്നെ കൈയേറ്റം ചെയ്തതെന്നും, കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതായും പ്രിയങ്ക പറയുന്നു. എന്നാല്‍ പോലീസ് ഭാഷ്യം മറ്റൊന്ന്. ഒരു നേതാവിന് നല്‍കേണ്ടുന്ന സംരക്ഷണം നല്‍കാന്‍ മാത്രമാണ് പോലീസ് ശ്രമിച്ചതെന്ന് അവര്‍ പറയുന്നു.

ലഖ്‌നൗവിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പ്രിയങ്ക ഗാന്ധി നേരത്ത തന്നെ തീരുമാനിച്ചിരുന്നു. അവര്‍ക്ക് അകമ്പടി നല്‍കുകയായിരുന്നു തന്റെ
ജോലിയെന്ന് പൊലീസ് ഓഫീസര്‍ അര്‍ച്ചന പറഞ്ഞു. പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഗോഖല മാര്‍ഗിലുള്ള കൗള്‍ ഹൗസിലേക്ക് പോകുമെന്നാണ് പ്രിയങ്ക അറിയിച്ചത്. അത്തരത്തിലായിരുന്നു സുരക്ഷയൊരുക്കി വാഹനത്തെ പിന്തുടര്‍ന്നതും. എന്നാല്‍ പ്രിയങ്ക ഗാന്ധി മുന്നറിയിപ്പൊന്നുമില്ലാതെ ദിശമാറി സഞ്ചരിച്ചതൊടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. യാത്രയെക്കുറിച്ച് വ്യക്തമായ വിവരണം നല്‍കണമെന്ന പോലീസിന്റെ ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രസിച്ചില്ല. പിന്നാലെ പ്രിയങ്ക കാറില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം പോകുകയായിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ‘പോലീസ് തന്നെ തടഞ്ഞത് എന്തിനാണെന്ന് അറിയില്ല. ഒരു കാരണവുമില്ലാതെയാണ് നടപടി. എന്തിനാണ് ഇതു ചെയ്തതെന്ന് ദൈവത്തിനു മാത്രമേ അറിയൂ,’ എന്നു പ്രിയങ്ക പറയുമ്പോള്‍, ഒരു ചോദ്യം. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ലേ?