Mon. Dec 23rd, 2024

മുംബൈ:

സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാണെന്ന് റിസര്‍വ് ബാങ്ക്.

വെള്ളിയാഴ്ച പുറത്തുവിട്ട ദ്വിവര്‍ഷ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.

ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ജാഗരൂകരായി തന്നെ ഉപഭോഗവും നിക്ഷേപവും ഒരേ തട്ടില്‍ മുമ്പോട്ട് കൊണ്ടു പോവുകയാണ് രാജ്യം നിലവിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്താല്‍ വായ്പ ആവശ്യങ്ങള്‍ കുറഞ്ഞതിനാല്‍ വായ്പ നല്‍കുന്നവര്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

ഓഹരി ഇടിവിനാല്‍ ബുദ്ധിമുട്ട് നേരിടുന്ന ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കുകളുടെ അനുപാതമില്ലാത്ത പ്രവര്‍ത്തനനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

അതേസമയം സ്വകാര്യ വായ്പക്കാര്‍ കോര്‍പ്പറേറ്റ് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന-സാമ്പത്തിക സ്ഥാപനമായിരുന്ന ഐഎല്‍&എഫ്എസിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഷാഡോ ബാങ്കിംഗ് മേഖലയും കഴിഞ്ഞ വര്‍ഷം മുതല്‍ സാമ്പത്തിക ഞെരുക്കത്തിലാണ്. ഇതും ബാങ്കിംഗ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

പിഎംസി (പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ്) ബാങ്കിലുണ്ടായ അഴിമതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ രാജ്യത്തെ 1500 അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ ഈ ബാങ്കുകളുടെ പ്രകടനം മോശമായതിനാല്‍ ഇത്തരം ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് നല്‍കിയ വായ്പകള്‍ മറയ്ക്കാന്‍ പിഎംസി 21,000 വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചതിലൂടെ കുറഞ്ഞത് 4300 കോടി രൂപയുടെ നഷ്ടമുണ്ടായതായും ആര്‍ബിഐ വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ടു ചെയ്ത തട്ടിപ്പുകളെ അടിസ്ഥാനമാക്കിയാല്‍ വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.