Wed. Jan 22nd, 2025
കാക്കനാട്:

 
എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ സംശയത്തിൽ 4239 നിർമ്മാണങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് 4239 കെട്ടിടങ്ങൾ ഉൾപ്പെട്ടത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 21 നിർമ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങൾ മാത്രമാണ് പഞ്ചായത്ത് സമർപ്പിച്ചിട്ടുള്ളത്. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ല. ഏലൂർ, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കരുമാല്ലൂർ, ആമ്പല്ലൂർ, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിലുമാണ് അനധികൃത നിർമ്മാണങ്ങൾ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിച്ചത്. നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ ഒരെണ്ണം മാത്രമാണ് കണ്ടെത്താനായത്.

റിപ്പോർട്ട്, ജില്ലയുടെ വെബ് സൈറ്റായ www.ernakulam.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർക്ക് ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. സീനിയർ ടൗൺ പ്ലാനർ, റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസ്, എറണാകുളം എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്.