Sun. Dec 22nd, 2024
കോഴിക്കോട്:

 
‘ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം. ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും,’
താഹ, അലന്‍ എന്നിവരുടെ മോചനം ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് ജോയ് മാത്യു പറഞ്ഞു.

മാധവ് ഗാഡ്ഗില്‍ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം തന്നെയാണ് ഇതിന്റെ ഉത്തരവാദിയെന്നും ജോയ് മാത്യു പറഞ്ഞു.

അലന്‍, താഹ എന്നിവരെ മാവോവാദി ബന്ധം ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളില്‍ ഒന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ജോയ് മാത്യുവാണ് ഈ പുസ്തകം അച്ചടിച്ച് പുറത്തിറക്കിയതും. കഴിഞ്ഞ പ്രളയസമയത്ത് നിയമസഭയില്‍ സമാജികര്‍ പറയുന്ന മണ്ടത്തരം കേട്ടപ്പോള്‍ നിയമസഭാ സമാജികര്‍ക്ക് കുറച്ചുകൂടി ദിശാബോധം ഉണ്ടാകട്ടെയെന്ന് കരുതിയാണ് തന്റെ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഇത്തരയൊരു പുസ്തകം അച്ചടിച്ചിറക്കിയത്.

ആയിരം കോപ്പിയാണ് പ്രിന്റ് ചെയ്തതെന്നും, ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പുസ്തകം പ്രിന്റ് ചെയ്യുന്നതെന്നും ജോയി മാത്യു പറഞ്ഞു. പുസ്തകം എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ കൊണ്ടുപോയി സൗജന്യമായി കൊടുക്കാനായിരുന്നു ഉദ്ദേശ്യമെന്നും പക്ഷേ അത് നടന്നില്ലായെന്നും ജോയ് മാത്യു പറഞ്ഞു. ഈ പുസ്തകത്തിന്റെ 500 കോപ്പി തന്റെ കൈവശമുണ്ടെന്നും അതിന്റെ പേരില്‍ വെറുതെ ഒരു യുഎപിഎ കിട്ടുമോയെന്നാണ് ഇപ്പോള്‍ താന്‍ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അലനെ അറിയാം. അടുത്ത സുഹൃത്തിന്റെ മകനാണ്. അലന്റെ മുത്തശ്ശി സാവിത്രി ടീച്ചര്‍ കോഴിക്കോടിന്റെ ആത്മാവിന്റെ ഭാഗമാണ്. വീടുവിട്ട് ചേരിപോലുള്ള സ്ഥലത്തുവന്ന് താമസിച്ച് അവിടുത്ത് നിര്‍ധനരായ സ്ത്രീകള്‍ക്ക് തൊഴിലും ആത്മാഭിമാനവുമൊക്കെ കൊടുത്ത ടീച്ചറാണവര്‍. അവര്‍ മരിക്കുന്നത് വരെ സഖാവായിരുന്നു. അവരുടെ കൊച്ചുമോനാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്.

അലന് വേണ്ടി മാത്രമാണ് എല്ലാവരും ശബ്ദിക്കുന്നതെന്നും, താഹ മാത്രമാണ് പിടിക്കപ്പെട്ടിരുന്നതെങ്കില്‍ അവന് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാവുമായിരുന്നില്ലെന്നും, അലന് വേണ്ടി സംസാരിക്കുന്നത് തെറ്റാണെന്നല്ല താന്‍ പറയുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

എന്തെന്നാല്‍ ഇവിടെ ജനാധിപത്യ രീതിയില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണമല്ല നടക്കുന്നത്. ഇത് പോലീസുകാരുടെ കൈവിട്ട കളിയാണ്. നാളെ തന്നെ ഈ പുസ്തകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം. എത്ര പേർ ശബ്ദമുണ്ടാക്കുമെന്ന് അറിയില്ല. ഈ സംഭവങ്ങള്‍ വാളയാര്‍ വിഷയം മറച്ചുവെക്കാനുള്ളതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും വാളയാര്‍ വിഷയമാണ് ഏറ്റവും വലിയ ദുരന്തം, അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.