Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

റെക്കോര്‍ഡുകള്‍ കെെപ്പിടിയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുതിപ്പ് തുടരുന്നു. കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ വിസ്ഡന്‍ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹിലിയും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഡ്വെല്‍ സ്റ്റെയ്ന്‍, ഡിവില്ലേഴ്‌സ്, ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, വനിതാ ഓള്‍ റൗണ്ടര്‍ എല്ലീസ് പെറി എന്നിവരാണ് പട്ടികയില്‍ ഉള്ള മറ്റ് താരങ്ങള്‍.

കഴിഞ്ഞ പതിറ്റാണ്ടിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഇന്ത്യയുടെ അഭിമാന താരം വിരാട് കോഹ്ലി. പത്ത് വര്‍ഷത്തിനുള്ളില്‍  മറ്റ് ബാറ്റ്സ്മാനേക്കാള്‍ 5775 റണ്‍സ് കൂടുതല്‍ താരം നേടിയിട്ടുണ്ട്.

വിസ്ഡന്‍ കഴിഞ്ഞ പതിറ്റാണ്ടിലെ ടെസ്റ്റ് ടീമിന്റെ നായകനായി 31കാരനായ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തിരുന്നു. പതിറ്റാണ്ടിലെ ഏകദിന ടീമിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം നേടിയിരുന്നു.

‘കോഹ്ലി ഒരു അസാമാന്യ പ്രതിഭയാണ്. വര്‍ഷം കൂടും തോറും വീര്യം കൂടുന്ന താരം. മാത്രമല്ല,വെല്ലുവിളികളെ ആവേശമാക്കുന്ന കളിക്കാരന്‍’-  എന്നാണ് വിസ്ഡന്‍ കോഹ്ലിക്ക് നല്‍കിയ വിശേഷണം.

27 സെഞ്ചുറി അടക്കം കഴിഞ്ഞ പതിറ്റാണ്ടില്‍ ടെസ്റ്റില്‍ മാത്രം കോഹ്ലി നേടിയത് 7202 റണ്‍സാണ്.  ഏകദിനത്തില്‍ 11125 റണ്‍സും ടി20യില്‍ 2633 റണ്‍സും ഇന്ത്യന്‍ നായകന്‍ നേടിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam