Mon. Dec 23rd, 2024

സൂറത്ത്:

ഇന്ത്യയുടെ വെടിക്കെട്ട് പേസര്‍ ജസ്പ്രീത് ബുംറ ര‍ഞ്ജി ട്രോഫികളിക്കില്ല. പരിക്കുകാരണം  വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിയില്‍ കളിക്കുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.

ആഭ്യന്തര മത്സരങ്ങളില്‍ ഗുജറാത്തിന് വേണ്ടി കളിക്കുന്ന സ്റ്റാര്‍ പേസര്‍ ബുംറ കേരളത്തിനെതിരെ ഇന്ന് സൂറത്തില്‍ നടക്കുന്ന മത്സരത്തില്‍ പന്തെറിയുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്.

എന്നാല്‍, ബുംറ തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുകയെന്നത് പ്രയാസമുള്ള കാര്യമല്ലെന്നും, ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെയും, സെക്രട്ടറി ജയ് ഷായെയും അറിയിച്ചതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുംറയോട് ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജയ് ഷായും, സൗരവ് ഗാംഗുലിയും ആവശ്യപ്പെട്ടതായാണ് വിവരം. അതിനാല്‍ രജ്ഞി ട്രോഫിയില്‍ കളിക്കാതെ ശ്രീലങ്കക്കെതിരെയുള്ള ടി20യില്‍ നേരിട്ട് ബുറ തിരിച്ചുവരും.

ബുംറ രഞജി ട്രോഫിയില്‍ കളിക്കുന്നതിനോട് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും ബുംറ രഞ്ജിയില്‍ കളിക്കുക എന്ന ആശയത്തോട് വിയോജിപ്പാണെന്നാണ് വിവരം.

 

 

By Binsha Das

Digital Journalist at Woke Malayalam