Thu. Dec 19th, 2024
തിരുവനന്തപുരം:

കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗഹ്രണമാണുണ്ടാകുക. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണം മാത്രമെ ഉണ്ടാകൂ.

ചന്ദ്രന്‍റെ നിഴൽ (ഉമ്പ്ര) വീഴുന്ന പ്രത്യേകമായ പാതയിലാകും പൂര്‍ണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. പാത്ത് ഓഫ് ടോട്ടാലിറ്റി എന്നറിയപ്പെടുന്ന ഈ പാത കടന്നു പോകുന്ന മേഖലയിലാണ് വലയ സൂര്യഗ്രഹണം കാണാൻ സാധിക്കുക. ഈ സഞ്ചാര പാത കേരളത്തിലെ വടക്കൻ ജില്ലകളും തമിഴ്‌നാട്ടിലെ പ്രദേശങ്ങളും കടന്ന് ശ്രീലങ്കയിലെ ജാഫ്ന വഴിയാണു പോകുന്നത്.

കോഴിക്കോട് നാദാപുരം പുറമേരിയിൽ രാവിലെ 9.26 നു പൂർണവലയം ദൃശ്യമാകും. ഇത് 2.45 മിനിറ്റ് നീണ്ടുനിൽക്കും. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്, മൊബൈൽ ഫോൺ ഉപയോഗിച്ച് ഗ്രഹണത്തിന്‍റെ ചിത്രമോ വിഡിയോയോ എടുക്കരുത്, ടെലിസ്കോപ്പ്, ബൈനോക്കുലർ, എക്സ് റേ തുടങ്ങിയവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കരുത് എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.

കേരളത്തിൽ സൂര്യഗ്രഹണം കാണാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം –പ്ലാനറ്റോറിയം 4 സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പുറമേരി (കോഴിക്കോട്), ചാലക്കുടി (തൃശൂർ), കുറവിലങ്ങാട് (കോട്ടയം), തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സൗകര്യം.