ന്യൂഡല്‍ഹി:
മോശം ഫോമിന്‍റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന താരമാണ് ഋഷഭ് പന്ത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും ടീം മാനേജ്മെന്‍റിനും പന്ത് ഫോം വീണ്ടെടുക്കും എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമാണ്. അതിനാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംങ് മെച്ചപ്പെടുത്താന്‍ പ്രത്യേകം പരിശീലകനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടീം മാനേജ്മെന്‍റ്. ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെക്ക് പന്തിന് പരിശീലനം നല്‍കാന്‍ സന്നദ്ധത അറിയിച്ചതായും എംഎസ്കെ പ്രസാദ് പറഞ്ഞു. മോറെക്ക് കീഴില്‍ ഋഷഭ് പന്ത് നേരത്തെ പരിശീലിച്ചിരുന്നു.
വിക്കറ്റ് കീപ്പിങ്ങിനും, ഡിആർഎസ് എടുക്കാനും പന്തിന് പ്രത്യേക പരിശീലനം നൽകും.
അവസാനം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പന്തിന്റെ കീപ്പിംങിലെ പിഴവുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും, വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അടക്കമുള്ളവരെല്ലാം പന്തിന് പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. ഇത് ആരാധകരെ പോലും ചൊടിപ്പിച്ചിരുന്നു. പന്തിനെ മാറ്റി പകരം കേരളത്തിന്‍റെ സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവശ്യം പോലും സെലക്ഷന്‍ കമ്മിറ്റി ഇതുവരെ മുഖവിലയ്ക്കെടുത്തിട്ടില്ല.