Sun. Dec 22nd, 2024

ചെന്നൈ:

തെന്നിന്ത്യൻ താരലോകത്തെ ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ഷെട്ടി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുഷ്‍ക ഷെട്ടി ആക്ഷൻ  നായികയായി എത്തുന്നത്. ആക്ഷനു പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഗൗതം വാസുദേവിന്റെ സംവിധാനത്തില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ഗോവിന്ദ് നിഹാലനിയുടെ നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നായികക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഗൗതം വാസുദേവ് ചിത്രത്തിൽ
അനുഷ്‍ക ഷെട്ടിയുടെ ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചെയ്യാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ അനുഷ്‍ക ഷെട്ടി നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിശബ്‍ദം ആണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു. സംസാരശേഷിയില്ലാത്ത സാക്ഷി എന്ന ചിത്രകാരിയായിട്ടാണ് നിശബ്‍ദത്തില്‍ അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാൻ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്.

സിനിമയിൽ നായകനായ മാധവൻ സംഗീതഞ്ജനായാണ് അഭിനയിക്കുന്നത്.
നിശബ്‍ദം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമേരിക്കയിൽ
ഭൂരിഭാഗവും ചിത്രീകരിച്ച സിനിമയിൽ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. മലയാളിയായ  ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നു. അടുത്ത ജനുവരിയിലാണ്  സിനിമ റിലീസ് ചെയ്യുക.