ബിജ്നോർ:
ഇന്ത്യക്കാരാണെന്നു സ്ഥാപിയ്ക്കുന്ന തെളിവ് കാണിക്കാൻ ഒരാളോടും ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ഞായറാഴ്ച പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയ്ക്ക് കൊല്ലപ്പെട്ട അനസ്സിന്റേയും സുലൈമാന്റേയും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ ബിജ്നോറിൽ എത്തിയതായിരുന്നു പ്രിയങ്ക.
“ഞാൻ ഇരയാക്കപ്പെട്ടവർക്കൊപ്പമാണ്. ദുരിതം നേരിടുന്ന എല്ലാ കുടുംബങ്ങൾക്കുമൊപ്പമാണ്. എല്ലാവരും പാവപ്പെട്ടവരായ തൊഴിലാളികളാണ്. അവർക്ക് ചെറിയ മക്കളുണ്ട്. അവരെ നോക്കാൻ ആരുമില്ല.” പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നടന്ന സംഭവത്തിൽ അനേഷണം അവശ്യപ്പെടുകയും ചെയ്തു.
“സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന നിയമത്തിന്റെ ആവശ്യകതയില്ല. എല്ലായിടത്തും തൊഴിലില്ലായ്മയാണ്. സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം ഓരോ ഇന്ത്യക്കാരനോടും, ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന രേഖ ആവശ്യപ്പെടുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ഈ നിയമം ദരിദ്രരായവർക്കെതിരാണ്. കുടിലുകളിൽ ജീവിക്കുന്നവർ എങ്ങനെ 1971 നു മുമ്പുള്ള രേഖകൾ കാണിക്കും.” പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ബിജെപി സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാവുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾക്കു നീതി ലഭിയ്ക്കുന്നില്ല. തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കാൻ അവർ ഭയപ്പെടുന്നുവെന്നും അവർ പറഞ്ഞു.