Wed. Jan 22nd, 2025
ഫ്രാങ്ക്ഫർട്ട് (ജർമ്മനി):

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അണിനിരന്നു. ഇന്നലെ വൈകീട്ട് ഫ്രാങ്ക്ഫർട്ട് തെരുവിൽ നടന്ന പ്രതിഷേധ സമരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് ഇവർ പിന്തുണ പ്രഖ്യാപിച്ചു.


ക്യാമ്പസുകളിൽ അതിക്രമിച്ചു കയറി നരനായാട്ട് നടത്തിയ പോലീസിന്റെ ക്രൂരവും പ്രാകൃതവുമായ നടപടികളെ ഇവർ അപലപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമം കൊണ്ടു നേരിടുന്നത് ഭീതിജനകമാണെന്നും ഇവർ കൂട്ടിച്ചേർത്തു.

പൗരത്വ നിയമവും, പൗരത്വ പട്ടികയും തിരസ്ക്കരിക്കുക, ഫ്രാങ്ക്ഫർട്ട് ഈ നിയമത്തെ എതിർക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. വിദേശികളുൾപ്പെടെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.