കോഴിക്കോട്:
പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125ലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നാല് തവണ നേടിയിട്ടുണ്ട്. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയ്ക്കാണ് പുരസ്കാരം സ്വന്തമാക്കിയത്.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ത്ഥികളെ ഇതിലേ ഇതിലേയായിരുന്നു ആദ്യ ചിത്രം.
നിര്‍മാല്യം, സ്വപ്നാടനം, ഒരു വടക്കന്‍ വീരഗാഥ, രതിനിര്‍വേദം തുടങ്ങി നിരവധി പ്രമുഖ മലയാളചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ക്യാമറ ചലിപ്പിച്ചു.
ഈസ്റ്റ് മാന്‍ കളറില്‍ ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കളര്‍ ചിത്രം. ഇതിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.