Sun. Dec 22nd, 2024

തിരുവനന്തപുരം:

സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിധിയില്‍ നിലവില്‍ 65,000 കോടി രൂപയോളം നിക്ഷേപമുണ്ട്. പ്രത്യേക സെസ് വഴി സമാഹരിച്ച തുകയാണിത്. ഇത് കൈവശംവച്ചാണ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരം വിതരണംചെയ്യാതെ നീട്ടിക്കൊണ്ടുപോയത്.

എന്നാല്‍ നഷ്ടപരിഹാര വിതരണത്തെ കുറിച്ചും ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഉടന്‍ വിളിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.

ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന പ്രതിനിധികളോട് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം യോഗം വിളിക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്.

എല്ലാമാസവും ഒന്നിന് സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്ന നികുതിവിഹിതത്തിന്റെ കാര്യത്തിലും വീഴ്ചയുണ്ടായിട്ടുണ്ട്. നിലവില്‍ നികുതി വിഹിതം നല്‍കുന്നത് 20ന് ശേഷമാണ്. ഇത് സംസ്ഥാനങ്ങളുടെ ധനകാര്യ നിര്‍വഹണത്തെ ബാധിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ധനക്കമ്മി മൂന്നില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തുക. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുകയും നികുതിവരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ അധികാരം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്.