Sun. Dec 22nd, 2024
ഡല്‍ഹി:

ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി ഗേറ്റിനടുത്തെത്തിയ പ്രതിഷേധക്കാരെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ ഉള്‍പ്പെടെയാണ് പോലീസ് മര്‍ദ്ദിച്ചത്. ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റവരുടെ ചോരപ്പാടുകള്‍ ഡല്‍ഹി റോഡില്‍ തളംകെട്ടികിടക്കുന്ന ചിത്രങ്ങള്‍ സ്റ്റുഡന്‍റ് ഗ്രൂപ്പായ പിഞ്ചര തോട് (PinjraTod) ട്വിറ്ററിലൂടെ പങ്കുവെച്ചു.

”ഒരുപാട് ആളുകള്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. പലരുടെയും രക്തം റോഡില്‍ കട്ടപിടിച്ചുകിടക്കുന്നു. അവര്‍ ശരിക്കും ക്രൂരമായി ലാത്തിചാര്‍ജ്ജിന് ഇരയായിട്ടുണ്ട്. പോലീസ് വേഷം ധരിക്കാത്ത ഒരാള്‍ ഞങ്ങളെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. അവര്‍ ഉടനെ തന്നെ ഇന്റെര്‍നെറ്റ് സേവനം വിച്ഛേദിച്ചേക്കാം”- പിഞ്ചര തോട് (PinjraTod) ട്വിറ്ററില്‍ കുറിച്ചു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ കെെയ്ക്കും കാലിനും ക്രൂരമായി മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അമ്പതിലധികം നാട്ടുകാരെ പോലീസ് മർദ്ദിക്കുകയും, അവര്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam